ഹൈദരാബാദ്: ആ രാജ്യം ആഗ്രഹിക്കുന്നില്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നാണ് താലിബാൻ അഫ്‌ഗാനില്‍ നടത്തിയത്. 2001 സെപ്‌റ്റംബർ 11ന് അമേരിക്കയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് നടത്തിയ ഭീകരാക്രമണത്തിന് മറുപടിയെന്നോണമാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് താലിബാനെ അമേരിക്ക പുറത്താക്കിയത്. അമേരിക്കൻ സൈന്യം അഫ്‌ഗാന്‍റെ നിയന്ത്രണം പിടിച്ചടക്കുന്നതിന് മുൻപ് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ എന്നായിരുന്നു ആ രാജ്യത്തിന്‍റെ പേര്.
2021 ഓഗസ്റ്റ് 15ന് താലിബാൻ കാബൂൾ കൊട്ടാരം പിടിച്ചടക്കുമ്പോൾ പ്രസിഡന്‍റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. 20 വർഷങ്ങൾക്കിപ്പുറം ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ എന്ന പേരിലേക്ക് മാത്രമല്ല, താലിബാൻ ഭരണത്തിലേക്കും കൂടിയാണ് അഫ്‌ഗാൻ വഴിമാറുന്നത്. 2021 ഏപ്രില്‍ 14നാണ് അമേരിക്കൻ സൈന്യം അഫ്‌ഗാനില്‍ നിന്ന് പിൻമാറുന്നതായി പ്രഖ്യാപനമുണ്ടായത്. മെയ് ഒന്നിനും സെപ്‌റ്റംബർ 11നും ഇടയില്‍ സേന പിൻമാറ്റം പൂർണമാകുമെന്നാണ് പ്രഖ്യാപനം.
read more:അഫ്‌ഗാൻ പതാക നീക്കി, ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ
അമേരിക്കയുടെ പ്രഖ്യാപനം വന്നയുടൻ മെയ് മാസം ആദ്യ വാരം തന്നെ അഫ്‌ഗാൻ സൈന്യത്തിന് നേരെ താലിബാൻ ആക്രമണം തുടങ്ങി. പിന്നീട് എല്ലാം അതിവേഗമായിരുന്നു. ഓഗസ്റ്റ് 13ന് പ്രധാന നഗരങ്ങളായ ഹെറാത്തും കണ്ഡഹാറും ഓഗസ്റ്റ് 14 ന് കാബൂളും താലിബാൻ നിയന്ത്രണത്തിലായി.
പിടിച്ചടക്കാനെത്തിയ അമേരിക്ക
2001 സെപ്‌റ്റംബർ 11ന് ന്യൂയോർക്കില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം അമേരിക്ക താലിബാന് മേല്‍ അതിശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അമേരിക്കൻ സൈന്യം കാബൂളില്‍ പറന്നിറങ്ങി. താലിബാനെ അഫ്‌ഗാന്‍റെ ഭരണത്തില്‍ നിന്ന് പുറത്താക്കി. ഹമീദ് കർസായിയെ പ്രസിഡന്‍റായി അമേരിക്ക നിയമിച്ചു. ഇതെല്ലാം ചരിത്രത്തിന്‍റെ ഭാഗമാണ്. പിന്നീട് അഫ്‌ഗാന്‍റെ പുനർ നിർമാണം എന്ന പേരില്‍ അമേരിക്കൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു രണ്ട് ദശാബ്‌ദത്തോളം അഫ്‌ഗാൻ.
സമാധാനം പറയുന്ന താലിബാൻ
അമേരിക്കൻ സൈന്യത്തോടും നാറ്റോ സൈന്യത്തോടും രണ്ട് പതിറ്റാണ്ടോളം പൊരുതി നിന്ന ശേഷമാണ് താലിബാൻ ഒടുവില്‍ അഫ്‌ഗാന്‍റെ നിയന്ത്രണം സ്വന്തമാക്കുന്നത്. ഇനി അഫ്‌ഗാനില്‍ സർക്കാരുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. പ്രതികാര നടപടികൾ ഉണ്ടാകില്ല എന്നാണ് താലിബാൻ വക്താവ് സുഹൈൻ ഷഹീൻ ആവർത്തിച്ച് പറയുന്നത്. അഫ്‌ഗാൻ സർക്കാരുമായി ചർച്ചകൾക്ക് നേതൃത്വം നല്‍കിയ താലിബാൻ മധ്യസ്ഥൻ മുല്ല അബ്‌ദുൾ ഗനി ബറാദറും സമാധാനം എന്ന വാക്കാണ് ഉപയോഗിക്കുന്നത്.
read more:ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്തസാക്ഷി - ഖുദിറാം ബോസ്
അന്തർദേശീയ തലത്തില്‍ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും കാബൂൾ അടക്കമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ശക്തമായ വെടിവെയ്പ്പ് തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ കാബൂളില്‍ നിന്ന് എംബസി ഉദ്യോഗസ്ഥരെയും പൗരൻമാരയെും ഒഴിപ്പിക്കാൻ സൈനിക വിമാനങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.