അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാൻ താലിബാൻ മുന്നേറ്റം നടത്തവെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗാനി.
സായുധ സേനയുടെ പുനർവിന്യാസത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് ടിവി സന്ദേശത്തിൽ അഷ്‌റഫ് ഗാനി പറഞ്ഞു.
Also Read: സായുധ നീക്കത്തിലൂടെ അധികാരത്തിലെത്തുന്ന അഫ്‌ഗാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് 12 രാജ്യങ്ങൾ
ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ പ്രാദേശിക നേതാക്കളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ആശയവിനിമയം നടത്തിവരികയാണെന്നും അഫ്‌ഗാൻ പ്രസിഡന്‍റ് അറിയിച്ചു.
രാജ്യത്ത് അസ്ഥിരത തുടരാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങൾ അഭയാർഥികളായി മാറുന്ന സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഷ്റഫ് ഗാനി രാജ്യം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രസ്താവന. മൂന്ന് ദിവസം മുമ്പ് രാജ്യത്തെ ആക്ടിംഗ് ധനമന്ത്രി ഖാലിദ് പയേന്ദ കുടുംബസമേതം രാജ്യം വിട്ടിരുന്നു.
രാജ്യത്തെ 18 പ്രവിശ്യകളുടെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ കാണ്ഡഹാറും പിടിച്ചെടുത്ത് തലസ്ഥാന നഗരമായ കാബൂളിലേക്ക് നീങ്ങുകയാണ്.
കാബൂളിന് തെക്ക് 11 കിലോമീറ്റർ മാത്രം അകലെ അഫ്‌ഗാൻ സൈന്യം താലിബാനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.