കീവ്: റഷ്യയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈന്‍റെ വ്യോമ മേഖല നോ-ഫ്ലൈ സോണാക്കേണ്ടതില്ലെന്ന നാറ്റോയുടെ തീരുമാനത്തിനെതിരെ യുക്രൈനിയന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്‌കി. യുക്രൈനിയന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഷെല്ലാക്രമണം നടത്താൻ റഷ്യയ്ക്ക് പച്ചക്കൊടി കാട്ടുന്നതാണ് നാറ്റോയുടെ തീരുമാനമെന്ന് സെലെൻസ്‌കി ആരോപിച്ചു.
യുക്രൈനിൽ നോ-ഫ്ലൈ സോണ്‍ ഏർപ്പെടുത്തുന്നത് റഷ്യയുമായി യൂറോപ്പിൽ വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളിയാഴ്‌ച ബ്രസൽസിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു നോ-ഫ്ലൈ സോണിനെക്കുറിച്ച് നാറ്റോ ചർച്ച ചെയ്‌തത്. നോ-ഫ്ലൈ സോൺ നീക്കത്തെക്കുറിച്ച് നാറ്റോ മീറ്റിങിൽ പരാമർശിക്കപ്പെട്ടുവെന്നും എന്നാൽ യുക്രൈനിന് മുകളിലൂടെ നാറ്റോ വിമാനങ്ങൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് സഖ്യകക്ഷികൾ സമ്മതിച്ചതായും സ്റ്റോൾട്ടൻബെർഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രതികരണം.