കീവ്:യുക്രൈനെതിരായ റഷ്യൻ ആക്രമണങ്ങൾ രാജ്യത്തെ മതപരമായ പുണ്യസ്ഥലങ്ങൾക്ക് ഭീഷണിയാകുമെന്ന ആശങ്ക പ്രകടിപ്പിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്‌കി. റഷ്യൻ സൈന്യം യുക്രൈന്‍റെ ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ബുധനാഴ്ച ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ അദ്ദേഹം ആരോപിച്ചു. കീവിലെ ഹോളോകോസ്റ്റ് സ്‌മാരകം നിലനിൽക്കുന്ന ബാബി യാർ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു സെലെൻസ്‌കി.
'റഷ്യൻ മുന്നേറ്റം മനുഷ്യത്വത്തിന് അതീതമാണ്. ഇത്തരം മിസൈൽ ആക്രമണങ്ങൾ അർഥമാക്കുന്നത് പല റഷ്യൻ ജനതയ്‌ക്കും കീവ് തികച്ചും അന്യമാണെന്നതാണ്. അവർക്ക് നമ്മുടെ തലസ്ഥാനത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ഒന്നും അറിയില്ല. നമ്മുടെ നാടും അതിന്‍റെ ചരിത്രവുമെല്ലാം മായ്ച്ചുകളയുന്നതാണ് അവരുടെ നടപടികൾ. ബാബി യാർ പോലും നശിപ്പിച്ച അവരുടെ അടുത്ത നീക്കം എന്തായിരിക്കും? സെന്‍റ് സോഫിയ കത്തീഡ്രലോ, ലാവ്രയോ, അതോ ആൻഡ്രൂസ് ചർച്ചോ?'- ലോകമെമ്പാടുമുള്ള യുക്രൈൻ, റഷ്യൻ ക്രൈസ്‌തവ വിശ്വാസികൾ വിശുദ്ധമായി കരുതുന്ന കീവിലെ പുണ്യസ്ഥലങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.