ലിവിവ്: രണ്ട് യുക്രൈൻ ആണവ നിലയങ്ങൾ പിടിച്ചടക്കിയ ശേഷം റഷ്യ മൂന്നാമത്തെ ആണവ നിലയം പിടിച്ചടക്കാൻ മുന്നേറുകയാണെന്ന് ശനിയാഴ്‌ച യുഎസ് സെനറ്റർമാരുമായുള്ള സംഭാഷണത്തിൽ യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ആരോപിച്ചു. മൈക്കോളൈവ് നഗരത്തിൽ നിന്ന് 120 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന യുഷ്‌നൂക്രൈൻസ്‌ക് ആണവ നിലയമാണ് ആക്രമണ ഭീഷണി നേരിടുന്ന മൂന്നാമത്തെ ആണവ നിലയം.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോരിയ ആണവനിലയവും ചെർണോബിൽ ആണവ നിലയവും നിലവിൽ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം സപോരിയ ആണവ നിലയത്തിൽ തീപിടിത്തമുണ്ടായിരുന്നു. റേഡിയേഷൻ വികിരണ ഭീഷണി ഉയർന്നെങ്കിലും ഫയർ ഫോഴ്‌സ് അടിയന്തര പ്രതികരണ സംഘവും ചേർന്ന് തീകെടുത്തി. 15 റിയാക്‌ടറുകളുള്ള നാല് ആണവ നിലയങ്ങളാണ് യുക്രൈനിലുള്ളത്.