എനർഗദാർ (യുക്രൈൻ): യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപറോഷ്യ ആണവ നിലയത്തിലുണ്ടായ തീ അണച്ചതായി അടിയന്തര പ്രതികരണ സംഘം അറിയിച്ചു. റഷ്യൻ സൈനിക ഷെല്ലാക്രമണമാണ് തീപിടിത്തത്തിന് കാരണമെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. റിയാക്‌ടറുകൾ സുരക്ഷിതമായി ഷട്ട്ഡൗൺ ചെയ്‌തുവെന്നും ആണവ വികിരണം ഇല്ലെന്നും പ്ലാന്‍റ് ഡയറക്‌ടർ അറിയിച്ചു.
പുലർച്ചെ 6.20നാണ് തീ അണക്കാനായത്. സംഭവത്തിൽ ആളപായമില്ല. വ്യാഴാഴ്‌ച സപറോഷ്യ ആണവ നിലയം നിൽക്കുന്ന എനര്‍ഗദാര്‍ നഗരത്തിൽ ആക്രമണം ശക്തമാക്കിയിരുന്നു. സപറോഷ്യ ആണവ നിലയത്തിന് തീപിടിത്തമുണ്ടായ പശ്ചാത്തലത്തിൽ യുക്രൈനിലെ സ്ഥിതി വിലയിരുത്താൻ അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കിയെ ഫോണിൽ വിളിച്ചിരുന്നു.