ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മേധാവി റോബർട്ടോ അസിവെദോ രാജിവെച്ചു. കൊവിഡ് 19 മൂലം ആഗോള വാണിജ്യ മേഖല പ്രതിസന്ധി നേരിടുന്ന സമയത്താണ് രാജി. ആഗസ്റ്റ് 31ന് സ്ഥാനമൊഴിയുമെന്ന് വ്യാഴാഴ്‌ച നടന്ന ഡബ്ല്യുടിഒയുടെ വെര്‍ച്വല്‍ യോഗത്തില്‍ അസിവെദോ പ്രഖ്യാപിച്ചു. ഒരു വര്‍ഷം കൂടി കാലാവധി ബാക്കി നില്‍ക്കെയാണ് രാജിവെച്ചത്.
അടുത്ത വർഷം നടക്കുന്ന ഡബ്ല്യുടിഒയുടെ പന്ത്രണ്ടാമത് മിനിസ്റ്റീരിയല്‍ കോൺഫറൻസില്‍ നിന്ന് ശ്രദ്ധ തിരിയാതെ തന്‍റെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ സംഘടനയിലെ അംഗങ്ങൾക്ക് മതിയായ സമയം നൽകുന്നതിന് വേണ്ടിയാണ് താൻ നേരത്തെ സ്ഥാനമൊഴിയുന്നതെന്ന് അസിവെദോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മുൻ ബ്രസീലിയൻ നയതന്ത്രജ്ഞനും സാമ്പത്തിക-സാങ്കേതിക ഉപമന്ത്രിയുമായ അസിവെദോ 2013ലാണ് ആദ്യമായി ഡബ്ല്യുടിഒ ഡയറക്‌ടർ ജനറലായി ചുമതലയേറ്റത്. പിന്നീട് 2017ലും അദ്ദേഹം തന്നെ ഡബ്ല്യുടിഒയുടെ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാരത്തെയും ആഴത്തിൽ ബാധിച്ച സാഹചര്യത്തിലാണ് അസിവെദോയുടെ രാജി.