ബ്രസ്സൽസ് : അധിനിവേശം ലക്ഷ്യമിട്ട് കിഴക്കൻ യുക്രൈനിലെ വിഘടനവാദി മേഖലകളില്‍ സൈന്യത്തെ വിന്യസിക്കാനുള്ള റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ തീരുമാനത്തിന് തിരിച്ചടി നൽകാന്‍ തന്ത്രങ്ങൾ മെനഞ്ഞ് ലോക നേതാക്കൾ.
മിൻസ്‌ക് സമാധാന ഉടമ്പടികളുടെ വ്യക്തമായ ലംഘനമാണ് റഷ്യയുടെ തീരുമാനമെന്ന് ഫ്രാൻസ്, ജർമനി, യുഎസ് എന്നീ രാജ്യങ്ങള്‍ പ്രതികരിച്ചു. പുടിന്‍റെ നടപടിക്ക് ഉത്തരം നൽകാതെ പോകില്ല എന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ എന്നിവര്‍ വ്യക്തമാക്കി.
മോസ്‌കോയുടെ ദീർഘനാളത്തെ സ്വപ്‌നപദ്ധതിയായ റഷ്യയിൽ നിന്നുള്ള നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയുടെ സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയ നിർത്തിവയ്‌ക്കാനുള്ള നടപടികൾ സ്വീകരിച്ച് ജർമനി ആദ്യം തന്നെ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ലോക നേതാക്കളുടെ തീരുമാനത്തിന് ഐക്യദാർഢ്യം അറിയിച്ചു.
പുടിന്‍റെ നീക്കം നിരവധി അന്താരാഷ്‌ട്ര കരാറുകൾ ലംഘിച്ചുവെന്നും റഷ്യക്കെതിരായ നടപടികളിലേക്ക് കടക്കേണ്ട സമയമാണെന്നുമാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ യുക്രൈനിന് സാധിക്കാത്തതിനാൽ ഉപരോധം മാത്രമാണ് ആക്രമണത്തെ തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മുന്നിലുള്ള ഏക വഴി.
ആക്രമണം യുക്രൈനിനെ തകർക്കുകയും ഊർജത്തിനായി റഷ്യയെ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി വരുത്തിവയ്ക്കുകയും ചെയ്യും. ഏഷ്യൻ രാജ്യങ്ങളും യുദ്ധആശങ്കയിലാണ്.
യുക്രൈൻ പ്രതിസന്ധി രൂക്ഷമാകുകയും യുഎസ് പിന്തുണയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്താൽ സംഭവിച്ചേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സജ്ജരാകാന്‍ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ-ഇൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
വിഘടനവാദി മേഖലകളിലെ നിക്ഷേപവും വ്യാപാരവും നിയന്ത്രിക്കാൻ വൈറ്റ് ഹൗസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉപരോധം അടക്കമുള്ള കൂടുതൽ നടപടികൾ ചൊവ്വാഴ്‌ച യുഎസ് പ്രഖ്യാപിക്കും.