ഹൈഡ്രോക്‌സിക്ലോറോക്വിൻ പരീക്ഷണം അവസാനിപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന - WHO
ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികൾക്ക് മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗപ്രദമാണോ എന്നുള്ള പരീക്ഷണമാണ് അവസാനിപ്പിക്കുന്നത്
ബെർലിൻ: ഹൈഡ്രോക്‌സിക്ലോറോക്വിൻ പരീക്ഷണം അവസാനിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികൾക്ക് മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗപ്രദമാണോ എന്നുള്ള പരീക്ഷണമാണ് അവസാനിപ്പിക്കുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിൻ, ലോപിനാവിർ അല്ലെങ്കിൽ റിറ്റോണാവിർ എന്നീ മരുന്നുകളുടെ പരിശോധന വഹിക്കുന്ന സമിതിയുടെ ശുപാർശ അംഗീകരിച്ചതായും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പരീക്ഷണത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ, ലോപിനാവിർ അല്ലെങ്കിൽ റിറ്റോണാവീർ എന്നിവ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ മരണനിരക്കിൽ കുറവ് ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ മരുന്നിന്‍റെ ഉപയോഗം മൂലം രോഗികളുടെ മരണനിരക്ക് വർധിച്ചതായി വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കാത്ത രോഗികളിൽ പരീക്ഷണം തുടരുമെന്നും സംഘടന അറിയിച്ചു.