ജെനീവ: ആഗോളതലത്തിൽ കൊവിഡ് രൂക്ഷമാകുന്നതായി ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. തുടർച്ചയായ ഏഴ് ആഴ്‌ചകളിലായി കൊവിഡ് രോഗികളുടെ എണ്ണവും നാല് ആഴ്‌ചകളായി കൊവിഡ് മരണങ്ങളും വർധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായി ആറ് ആഴ്‌ചകളിൽ കൊവിഡ് കണക്കുകൾ കുറയുന്ന കാഴ്‌ചയാണ് ലോകം കണ്ടത്. എന്നാൽ ഇപ്പോൾ കൊവിഡ് രോഗികളുടെ എണ്ണവും കൊവിഡ് മരണവും വർധിച്ചു വരുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്.
ഏഷ്യയിലെയും മിഡിൽ ഈസ്‌റ്റിലെയും നിരവധി രാജ്യങ്ങളിൽ കൊവിഡ് വർധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം ആഗോളതലത്തിൽ 780 ദശലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകിയതായും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ തുടങ്ങിയവയ്‌ക്ക് വീണ്ടും പ്രാധാന്യം നൽകണമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ പല രാജ്യങ്ങളും അതിവേഗത്തിൽ ശരിയായ രീതിയിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിച്ച് കൊവിഡിനെ ഇല്ലാതാക്കാമെന്ന് തെളിയിച്ച സാഹചര്യത്തിൽ ആഗോളതലത്തിൽ ലോക്ക്‌ഡൗൺ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥ, യാത്ര, വ്യാപാരം എന്നിവയൊക്കെ പുനരാരംഭിച്ച് ലോകം പഴയ രീതിയിൽ ആകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൊവിഡിനെ ഇല്ലാതാക്കാമെന്നാണ് ഈ വർഷം ആദ്യത്തെ കുറഞ്ഞ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും കൊവിഡ് വാക്‌സിനേഷൻ, പൊതുജനാരോഗ്യ നടപടികളിലൂടെയും കൊവിഡിനെ തടഞ്ഞു നിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് 2.94 ദശലക്ഷം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 136.3 ദശലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു.