കീവ്:റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായുള്ള അപേക്ഷയിൽ യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി ഒപ്പുവച്ചതായി യുക്രൈൻ പാർലമെന്‍റ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു. യുക്രൈൻ പാർലമെന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുക്രൈൻ-റഷ്യ അനുനയ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ, പാശ്ചാത്യ ശക്തികളുമായുള്ള ബന്ധം ദൃഢമാക്കുന്ന യൂറോപ്യൻ യൂണിയൻ അംഗത്വം യുക്രൈന് എത്രത്തോളം അനിവാര്യമാണെന്ന ചോദ്യം വളരെ പ്രാധാന്യമർഹിക്കുന്നു.
അംഗത്വത്തിന്‍റെ പ്രാധാന്യം
യൂറോപ്യൻ യൂണിയൻ അംഗത്വം, ശക്തമായ യൂറോപ്യൻ രാജ്യങ്ങളുടെ സൈനികതലകത്തിലും സാമ്പത്തിക തലത്തിലുമുള്ള സംരക്ഷണം യുക്രൈന് ഉറപ്പാക്കും. ഫ്രാൻസും ജർമനിയും ഉൾപ്പെടെ 27 അംഗരാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾക്ക് ബൃഹത്തായ സൈന്യവും സാമ്പത്തികവുമായ ശക്തിയുണ്ട്. കൂടാതെ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് വ്യാപാര ആനുകൂല്യങ്ങൾ ലഭിക്കുമെന്നതും യുക്രൈന്‍റെ നീക്കത്തിന് സഹായകമാകുന്ന ഘടകമാണ്.
യൂറോപ്യൻ യൂണിയൻ പ്രവേശനം ഭാവിയിലെ റഷ്യൻ അധിനിവേശത്തിൽ നിന്ന് യുക്രൈന് സുരക്ഷ നൽകും. യുക്രൈന് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സാമ്പത്തിക സഹായം നൽകുമെന്ന് നേരത്തേ തന്നെ യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. കൂടാതെ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു. മഡ്രിഡിലെ സാറ്റലൈറ്റ് സെന്‍റർ വഴി റഷ്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ യൂറോപ്യൻ യൂണിയൻ കീവിനെ സഹായിക്കുമെന്ന് റഷ്യൻ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.