ജെനീവ: യുക്രൈനിലെ റഷ്യന്‍ ആക്രമണം ഒരാഴ്‌ച പിന്നിടുമ്പോള്‍, രാജ്യത്ത് നിന്ന് പലായനം ചെയ്‌തത് 10 ലക്ഷം പേരെന്ന് യുഎന്‍. മുന്‍കാലങ്ങളില്‍ കാണാത്ത അത്ര വേഗതയിലാണ് യുക്രൈനില്‍ നിന്നുള്ള പലായനമെന്നാണ് യുഎന്‍ പറയുന്നത്. യുഎൻഎച്ച്സിആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, യുക്രൈനിലെ ആകെ ജനസംഖ്യയുടെ (4.4 കോടി) രണ്ട് ശതമാനത്തോളം ഇതുവരെ രാജ്യത്തിന്‍റെ അതിർത്തി കടന്നിട്ടുണ്ട്. 40 ലക്ഷം യുക്രൈന്‍ പൗരര്‍ രാജ്യം വിടുമെന്നാണ് യുഎന്നിന്‍റെ പ്രവചനം.
'വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ യുക്രൈനില്‍ നിന്ന് അയൽരാജ്യങ്ങളിലേക്ക് ഒരു ദശലക്ഷം (10 ലക്ഷം) അഭയാർഥികൾ പലായനം ചെയ്യുന്നത് ഞങ്ങൾ കണ്ടു' - യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി ട്വിറ്ററിൽ കുറിച്ചു. യുക്രൈനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും എന്നാല്‍ മാത്രമേ ദശലക്ഷക്കണക്കിന് ആളുകൾക്ക് മാനുഷിക സഹായം എത്തിക്കാൻ കഴിയുകയുള്ളൂവെന്നും ഗ്രാന്‍ഡി വ്യക്തമാക്കി.
Also read: യുദ്ധത്തിന്‍റെ ദുരിതക്കാഴ്ച: ജനിച്ച നാടും വീടും വിട്ടോടുന്ന യുക്രൈൻ ജനത