കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎൻ സെക്രട്ടറി ജനറല്‍ - പാകിസ്ഥാന് തിരിച്ചടി: കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎൻ ജനറല്‍ സെക്രട്ടറി
പാകിസ്ഥാന് തിരിച്ചടിയായി യുഎൻ നിലപാട്. ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറല്‍.
ജനീവ: കശ്മീര്‍ വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ്. ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യുഎൻ മധ്യസ്ഥതക്കില്ലെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ഡുജാറിക്കും വ്യക്തമാക്കി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് യുഎന്നിന്‍റെ നിലപാട്. ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും അന്‍റോണിയോ ഗുട്ടറെസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ ഗുട്ടറെസ് തന്‍റെ നിലപാട് വ്യക്തമാക്കുന്നത്. കശ്മീർ പ്രശ്നം അന്താരാഷ്ട്രവിഷയമായി ഉയർത്തി കാട്ടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് യുഎന്‍ നിലപാട് തിരിച്ചടിയായിരിക്കുകയാണ്.