ഹേഗ് (നെതര്‍ലാന്‍ഡ്): സൈനിക നടപടി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ റഷ്യയോട് ഉത്തരവിടണമെന്ന യുക്രൈന്‍റെ ഹര്‍ജിയില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ വാദം ആരംഭിച്ചു. ഇന്ത്യന്‍ സമയം രണ്ടരയോടെയാണ് യുഎന്‍ കോടതിയില്‍ വാദം തുടങ്ങിയത്. എന്നാല്‍ റഷ്യന്‍ പ്രതിനിധി ഹാജരായില്ല.
അധിനിവേശത്തെ ന്യായീകരിക്കാൻ വംശഹത്യാനിയമം തെറ്റായി പ്രയോഗിച്ചുവെന്നാണ് റഷ്യക്കെതിരെ യുക്രൈന്‍ ആരോപിച്ചിരിക്കുന്നത്. ഹേഗിലെ പീസ് പാലസില്‍ വച്ച് രണ്ട് ദിവസങ്ങളിലായാണ് വാദ പ്രതിവാദങ്ങള്‍ നടക്കുക. തിങ്കളാഴ്‌ച യുക്രൈന്‍റെ വാദം നടക്കും. ചൊവ്വാഴ്‌ചയാണ് റഷ്യയ്ക്ക് അവസരം.
കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് മേഖലകളില്‍ വംശഹത്യ നടന്നുവെന്ന തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് റഷ്യ അധിനിവേശം ആരംഭിച്ചതെന്നും ഇപ്പോള്‍ യുക്രൈനില്‍ റഷ്യ വംശഹത്യ ആസൂത്രണം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അത്തരമൊരു വംശഹത്യ നടന്നിട്ടില്ലെന്നും യുക്രൈനെതിരെ നടപടിയെടുക്കാൻ റഷ്യയ്ക്ക് നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലെന്നും കോടതിയിൽ കീവ് വാദിച്ചു.