വാഷിങ്‌ടൺ:യുക്രൈനിൽ നടക്കുന്ന ആക്രമണത്തിൽ റഷ്യക്കെതിരെ പ്രതികരണവുമായി അമേരിക്ക. ആക്രമണത്തിലൂടെ സംഭവിക്കുന്ന മരണങ്ങൾക്കും എല്ലാ നാശനഷ്‌ടങ്ങൾക്കും ഉത്തരവാദി റഷ്യ മാത്രം ആയിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും ഐക്യത്തോടെ നിർണായക രീതിയിലാകും പ്രതികരിക്കുകയെന്നും ബൈഡൻ ട്വിറ്ററിൽ പ്രതികരിച്ചു.
ജോ ബൈഡൻ യുക്രൈൻ പ്രസിഡന്‍റ് വോളോഡൈമർ സെലൻസ്‌കിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബൈഡന്‍റെ പ്രതികരണം. യുക്രൈനിലെ റഷ്യയുടെ നീതിപൂർവമല്ലാത്ത ആക്രമണത്തെ അപലപിക്കുന്നു. യുഎന്നിൽ വിഷയം ചർച്ച ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ അദ്ദേഹവുമായി പങ്കുവച്ചെന്നും ബൈഡൻ ട്വിറ്ററിൽ പ്രതികരിച്ചു.
അതേസമയം യുക്രൈന്‍റെ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനാണ് സൈനിക നടപടിയെന്നാണ് റഷ്യയുടെ അവകാശവാദം. എട്ട് വർഷമായി യുക്രൈന്‍ ഭരണകൂടത്തിന്‍റെ പീഡനം അനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് സൈനിക നീക്കമെന്നും റഷ്യന്‍ പ്രസിഡന്‍റ് വാദിക്കുന്നു. യുക്രൈന്‍ സൈന്യത്തോട് ആയുധം താഴെവയ്ക്കാനും റഷ്യ ആവശ്യപ്പെട്ടു.
ഇന്ത്യൻ സമയം 8.30ഓടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ യൂക്രൈൻ തലസ്ഥാനമായ കീവിലെ ആറ് ഇടത്ത് വ്യോമാക്രമണം തുടങ്ങിയിരുന്നു. യുക്രൈനിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചു.
READ MORE:റഷ്യ - യുക്രൈൻ യുദ്ധം: കാരണം, ലോകരാജ്യങ്ങളുടെ നിലപാട്: വിശദമായി അറിയാം