കീവ്: റഷ്യൻ അധിനിവേശം യുക്രൈനെ എല്ലാ തലത്തിലും തകർത്തു കൊണ്ടിരിക്കുകയാണ്. പലായനവും പട്ടിണിയും സ്‌ഫോടനങ്ങളും റോക്കറ്റ് ആക്രമണങ്ങളും കഴിഞ്ഞ അഞ്ച് ദിവസമായി യുക്രൈനിലെ സ്ഥിരം കാഴ്‌ചയാണ്. റഷ്യൻ അധിനിവേശം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈനിൽ നിന്ന് വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല.
യുക്രൈൻ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം അധിനിവേശത്തിന്‍റെ നാലാം ദിവസം കീവിൽ റഷ്യൻ സൈന്യം നശിപ്പിച്ചതായി യുക്രൈൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബ അറിയിച്ചു. അന്‍റോനോവ് എഎൻ-225, മ്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമാണ് റഷ്യൻ ആക്രമണത്തിൽ തകർക്കപ്പെട്ടത്. മ്രിയ എന്ന വാക്കിന് യുക്രൈൻ ഭാഷയിൽ സ്വപ്‌നം എന്നാണർഥം.
32 വീലുകളും ആറ് എഞ്ചിനുമുള്ള മ്രിയക്കായിരുന്നു കഴിഞ്ഞ മൂന്ന് ദശാബ്‌ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോഡ്. ലോകത്തിലെ ഏറ്റവും വലിയ ചിറകുകളുള്ള വിമാനവും മ്രിയ ആയിരുന്നു.
"റഷ്യക്ക് ഞങ്ങളുടെ ‘മ്രിയ’ നശിപ്പിക്കാൻ സാധിച്ചേക്കാം. എന്നാൽ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യൻ രാഷ്‌ട്രമെന്ന നമ്മുടെ സ്വപ്നം തകർക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല. നമ്മൾ ജയിക്കുക തന്നെ ചെയ്യും." യുക്രൈൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബ പറഞ്ഞു.
വിമാനം പാർക്ക് ചെയ്‌തിരുന്ന ഹോസ്റ്റോമെലിലെ വ്യോമത്താവളത്തിലാണ് ഉണ്ടായ ആക്രമണത്തിലാണ് മ്രിയക്ക് കേടുപാടുകൾ സംഭവിച്ചതെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ പറയുന്നു. കേടുപാടുകളുടെ വ്യാപ്‌തി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഐതിഹാസിക വിമാനം പുനർനിർമിക്കുമെന്ന് യുക്രൈൻ അറിയിച്ചു.
നാല് ദിവസം മുൻപ് റഷ്യ ആക്രമണം ആരംഭിച്ചപ്പോൾ മുതൽ യുക്രൈൻ വ്യോമത്താവളം ലക്ഷ്യമിട്ടിരുന്നു. വെള്ളിയാഴ്‌ച മ്രിയയുടെ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ഹോസ്റ്റോമെൽ വ്യോമത്താവളം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു.