കീവ്: 18-ാം ദിവസവും റഷ്യ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ മധ്യസ്ഥത തേടി യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെെലൻസ്‌കി. യുദ്ധ സാഹചര്യങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റുമായി ചർച്ച ചെയ്‌ത സെലൻസ്‌കി, റഷ്യ ബന്ധിയാക്കിയ മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിന്‍റെ മോചനത്തിനായി സഹായം തേടുകയും ചെയ്തു. സെലൻസ്‌കി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതായും റഷ്യൻ ആക്രമണത്തെക്കുറിച്ചും സമാധാന ചർച്ചകളുടെ സാധ്യതകളെക്കുറിച്ചും സംസാരിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സിവിലിയന്മാർക്കെതിരായ അടിച്ചമർത്തലുകൾ അവസാനിപ്പിക്കണമെന്നും മേയറുൾപ്പെടെ റഷ്യ ബന്ദികളാക്കിയ പൗരരെ മോചിപ്പിക്കാൻ ഇസ്രായേൽ സഹായിക്കണമെന്നും സെലൻസ്‌കി ട്വീറ്റിൽ ആവശ്യപ്പെട്ടു. നേരത്തേ മേയറെ മോചിപ്പിക്കുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി സെലൻസ്‌കി ചർച്ച നടത്തിയിരുന്നു.