കീവ്:യുക്രൈനിലെ നഗരങ്ങളില്‍ റഷ്യ ഷെല്ലാക്രമണം കടുപ്പിച്ചു. യുക്രൈനിന്‍റെ വടക്ക്, തെക്ക്, മധ്യഭാഗങ്ങളിലുള്ള നഗരങ്ങളിലാണ് ഷെല്ലാക്രമണം കടുപ്പിച്ചത്. ഇവിടങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടെന്ന് യുക്രൈനിയന്‍ അധികൃതര്‍ പറഞ്ഞു.
യുക്രൈനിലെ ജനങ്ങളോട് റഷ്യയ്‌ക്കെതിരെ അണിനിരക്കാന്‍ യുക്രൈന്‍ പ്രസിഡന്‍റെ വൊളാദിമിര്‍ സെലന്‍സ്‌കി ജനങ്ങളോട് ആഹ്വാനം ചെയ്തു. അതേസമയം യുക്രൈന്‍ അക്രമങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമെ റഷ്യയുടെ യുക്രൈനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുകയുള്ളൂവെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ പറഞ്ഞു. കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതര്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ യുക്രൈന്‍ ആക്രമണം അഴിച്ചുവിടുന്നു എന്നാരോപിച്ചാണ് യുക്രൈനില്‍ റഷ്യ സൈനിക നടപടി തുടങ്ങിയത്.
യുക്രൈന്‍ തലസ്ഥാനമായ കീവിന്‍റെ പ്രാന്തപ്രദേശങ്ങള്‍, വടക്കുള്ള ചെര്‍നീവ്, തെക്കുള്ള മൈക്കലീവ്, വടക്ക് കിഴക്കുള്ള ഖാര്‍ക്കീവ് തുടങ്ങിയ നഗരങ്ങളില്‍ കടുത്ത ഷെല്ലാക്രമണമാണ് ഇന്നലെ(6.03.2022) റഷ്യ നടത്തിയതെന്ന് യുക്രൈനിയന്‍ അധികൃതര്‍ വ്യക്തമാക്കി. ഖാര്‍ക്കീവില്‍ നടന്ന പീരങ്കിയാക്രമണത്തില്‍ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന്‍റെ ആസ്ഥാനം തകര്‍ന്നു. തെക്കന്‍ യുക്രൈനിലും തീരമേഖലകളിലും റഷ്യന്‍ സേന വലിയമുന്നേറ്റമാണ് നടത്തിയത്.
കടുത്തപ്രതിരോധം ഉയര്‍ത്തി യുക്രൈന്‍
എന്നാല്‍ യുക്രൈനിന്‍റെ പല മേഖലകളിലും കടുത്ത പ്രതിരോധമാണ് റഷ്യന്‍ സേന നേരിടുന്നത്. കീവിനെ ലക്ഷ്യമാക്കി നീങ്ങിയ റഷ്യന്‍ സൈനികവ്യൂഹത്തിന്‍റെ പ്രയാണം കീവിന് വടക്കായി നിലച്ചിരിക്കുകയാണ്. തെക്കന്‍ തുറമുഖ നഗരമായ മരിയാപോളില്‍ ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണ്. മരിയാപോളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാദൗത്യത്തിനും വേണ്ടി 11 മണിക്കൂര്‍ വെടിനിര്‍ത്തില്‍ യുക്രൈന്‍ റഷ്യന്‍ സേനകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റഷ്യ ആക്രമണം പുനഃരാരംഭിച്ചതോടെ ദുരന്തനിവാരണ ഇടനാഴി അടക്കേണ്ടി വന്നതായി യുക്രൈനിയന്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം റഷ്യ യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. എന്നാല്‍ ഈ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷവെക്കാതെയുള്ള പ്രതികരണമാണ് യുക്രൈനിയന്‍ പ്രസിഡന്‍റ് വൊളാദിമിര്‍ സെലന്‍സ്കിയില്‍ നിന്ന് ഉണ്ടായത്. റഷ്യയുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളിലെ ജനങ്ങളോട് റഷ്യയ്‌ക്കെതിരെ തെരുവില്‍ പോരാടാനുള്ള ആഹ്വാനമാണ് സെലന്‍സ്കി ടെലിവിഷനിലൂടെ നടത്തിയത്. " ഈ പൈശാചിക ശക്തിയെ(റഷ്യന്‍ സേന) നമ്മുടെ മണ്ണില്‍ നിന്ന് ആട്ടിയോടിക്കേണ്ടത് നമ്മുടെ പ്രഥമ പരിഗണനയാണ് " അദ്ദേഹം പറഞ്ഞു.
രണ്ടാംലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനം
അമേരിക്കയോടും നാറ്റോ രാജ്യങ്ങളോടും കൂടുതല്‍ യുദ്ധവിമാനങ്ങളും സെലന്‍സ്കി ആവശ്യപ്പെട്ടു. പക്ഷെ എങ്ങനെ ഈ അവസരത്തില്‍ യുദ്ധവിമാനങ്ങള്‍ യുക്രൈനില്‍ എത്തിക്കുമെന്ന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുകയാണ്. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും പാശ്ചാത്യ രാജ്യങ്ങളോട് സെലന്‍സ്‌കി ആവശ്യപ്പെട്ടു. 12ാം ദിവസത്തില്‍ എത്തിനില്‍ക്കുന്ന യുദ്ധത്തില്‍ 15 ലക്ഷം ആളുകളാണ് ഇതുവരെ യുക്രൈനില്‍ നിന്ന് പാലയനം ചെയ്‌തത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പാലയനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് യുഎന്‍ വ്യക്തമാക്കി. യുക്രൈനിന് ചുറ്റും വിന്യസിച്ചിരുന്ന 95ശതമാനം റഷ്യന്‍ സൈനികരും ഇപ്പോള്‍ യുക്രൈനില്‍ കടന്നിട്ടുണ്ടെന്ന് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. കീവും, ഖാര്‍ക്കിവും, ചെര്‍നീവും പിടിച്ചെടുക്കാനുള്ള റഷ്യന്‍ സേനയുടെ മുന്നേറ്റത്തിന് കടുത്ത പ്രതിരോധമാണ് യുക്രൈന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കീവിന് പുറത്തുള്ള റഷ്യന്‍ സൈനിക വ്യൂഹത്തിന്‍റെ പ്രയാണം ഇപ്പഴും നിശ്ചലമായി തുടരുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
ലക്ഷ്യം യുക്രൈനിന്‍റെ മിലട്ടറി ഇന്‍ഡസ്ട്രിയല്‍ കോപ്ലക്‌സ്
യുദ്ധത്തിന് യുക്രൈനിയന്‍ സര്‍ക്കാറിനെയാണ് തുര്‍ക്കി പ്രസിഡന്‍റ് തയീപ് എര്‍ദോഗനുമായുള്ള ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ കുറ്റപ്പെടുത്തിയത്. റഷ്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് യുക്രൈന്‍ ആക്രമണം അവസാനിപ്പിക്കണമെന്നാണ് പുടിന്‍ ആവശ്യപ്പെടുന്നത്. നവ നാസികളാണ് യുക്രൈനില്‍ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളതെന്നും ആണവായുധം വികസിപ്പിച്ച് റഷ്യയുടെ സുരക്ഷ ഭീഷണിയിലാക്കാനാണ് അവരുടെ ശ്രമം എന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത്.
യുക്രൈനിന്‍റെ മിലട്ടറി ഇന്‍ഡസ്ട്രിയല്‍ കോപ്ലംക്സിനെ തകര്‍ക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഈ ഭീഷണിയെ പശ്ചാത്യരാജ്യങ്ങള്‍ വിമര്‍ശിച്ചില്ലെന്ന് പരാതി വൊളാദിമിര്‍ സെലന്‍സ്‌കി ഉന്നയിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഒരു വാക്ക് പോലും ലോകനേതാക്കള്‍ പറഞ്ഞില്ലെന്ന് സെലന്‍സ്‌കി പ്രതികരിച്ചു.
ആണവസുരക്ഷയില്‍ പുടിന്‍-മക്രോണ്‍ ചര്‍ച്ച