മോസ്‌കോ/കീവ്: യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യയുടെ നിര്‍ദേശം. എന്നാല്‍ ബെലാറസില്‍ വച്ച് സന്നദ്ധമല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിർ സെലന്‍സ്‌കി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. റഷ്യയുമായി സമാധാന ചർച്ചകൾക്ക് തന്‍റെ രാജ്യം തയ്യാറാണെന്നും എന്നാൽ റഷ്യന്‍ അധിനിവേശത്തിന് കളമൊരുക്കിയ ബെലാറസിൽ വച്ച് ഒരുക്കമല്ലെന്നുമാണ് യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ നിലപാട്.
പോളണ്ടിന്‍റെ തലസ്ഥാനമായ വാർസോ, സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവ, തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്‌താംബുൾ, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് അല്ലെങ്കിൽ അസര്‍ബായ്‌ജാന്‍റെ തലസ്ഥാനമായ ബാക്കു എന്നിവയെ ഇതര വേദികളായി സെലന്‍സ്‌കി നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ വച്ചും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ബെലാറസിനെ വേദിയായി അംഗീകരിക്കാനാകില്ലെന്നും യുക്രൈന്‍ പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കി.