കീവ്: യുക്രൈനിലെ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ, പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഇരു നേതാക്കളുടേയും ഫോണ്‍ സംഭാഷണം 35 മിനിറ്റ് നീണ്ടു. യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം ചെറുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പറഞ്ഞു.
യുക്രൈന്‍ ജനതയ്ക്ക് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
'റഷ്യൻ ആക്രമണത്തെ യുക്രൈന്‍ പ്രതിരോധിക്കുന്നതിനെക്കുറിച്ച് നരേന്ദ്രമോദിയെ അറിയിച്ചു. യുദ്ധ സമയത്ത് യുക്രൈന്‍ പൗരന്മാർക്കുള്ള ഇന്ത്യയുടെ സഹായത്തെയും ഉന്നത തലത്തില്‍ സമാധാന ചർച്ചകള്‍ നയിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയേയും അഭിനന്ദിക്കുന്നു. യുക്രൈന്‍ ജനതയ്‌ക്കുള്ള പിന്തുണയ്‌ക്ക് നന്ദി' - സെലൻസ്‌കി ട്വിറ്ററില്‍ കുറിച്ചു.
സുമിയിലുള്ള ഇന്ത്യക്കാരെ പുറത്തെത്തിക്കണം
നിലവിലെ സംഘർഷത്തെക്കുറിച്ചും അതിന്‍റെ ഫലമായുണ്ടാകുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി സെലൻസ്‌കിയുടെ പിന്തുണ തേടി.
ഏകദേശം 700 ഇന്ത്യക്കാർ സുമിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഒരു മാനുഷിക ഇടനാഴി സൃഷ്‌ടിക്കണമെന്ന് ഇന്ത്യ ഇരുപക്ഷത്തോടും അഭ്യർഥിച്ചിട്ടുണ്ട്. മോദിയും സെലൻസ്‌കിയും തമ്മിലുള്ള രണ്ടാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ഫെബ്രുവരി 24ന് യുക്രൈനില്‍ റഷ്യയുടെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ ഇരുനേതാക്കളും സംസാരിച്ചിരുന്നു.
മാർച്ച് 2ന് പുടിനുമായി സംസാരിച്ച മോദി ഇന്ന് വീണ്ടും റഷ്യന്‍ പ്രസിഡന്‍റുമായി സംസാരിച്ചു. സുമിയിൽ നിന്ന് ഇന്ത്യൻ പൗരരെ സുരക്ഷിതമായി ഒഴിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം മോദി പുടിനെ അറിയിച്ചു. യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിലും മനുഷ്യത്വ ഇടനാഴി തുറന്നതിലും പ്രധാനമന്ത്രി പുടിനെ അഭിനന്ദിച്ചു.
ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന് കീഴിൽ 76 വിമാനങ്ങളിലായി 16,000ത്തോളം പൗരരെ ഇന്ത്യ തിരികെയെത്തിച്ചിട്ടുണ്ട്. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ റഷ്യൻ അതിർത്തി, പടിഞ്ഞാറൻ യുക്രൈന്‍, റൊമേനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിന് സുരക്ഷിതമായ പാത ഒരുക്കണമെന്ന് നേരത്തെ റഷ്യയോടും യുക്രൈനോടും ഇന്ത്യ അഭ്യർഥിച്ചിരുന്നു.
Also read: റഷ്യക്കെതിരായ യുക്രൈന്‍റെ ഹര്‍ജി : യുഎന്‍ കോടതിയില്‍ വാദം ആരംഭിച്ചു, ഹാജരാകാതെ റഷ്യന്‍ പ്രതിനിധി