ലണ്ടൻ: ഇന്ത്യയിലെ ആശുപത്രികളിലേക്ക് 1,000 വെന്‍റിലേറ്ററുകൾ കൂടി ആയക്കാൻ യുകെ. രാജ്യത്തെ കൊവിഡിന്‍റെ രണ്ടം തരംഗം ഗുരുതരമായി തുടരുന്നതിനാലാണ് നിലവിലെ ഇടപെടൽ. കഴിഞ്ഞ ആഴ്‌ച യുകെ 200 വെന്‍റിലേറ്ററുകളും 495 ഓക്‌സിജൻ കോണ്‍സന്‍ട്രേറ്ററുകളും മൂന്ന് ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകളും ഇന്ത്യയിൽ എത്തിച്ചിരുന്നു.
ബ്രിട്ടീഷ് ജനത ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന പിന്തുണ അത്യധികം പ്രശംസനീയമാണെന്നും ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൽ സഹായം നൽകുന്നതിൽ യുകെ സർക്കാരിന് തങ്ങളുടെ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
യുകെയിലെ മുഖ്യ മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി, മുഖ്യ ശാസ്ത്ര ഉപദേഷ്‌ടാവ് പാട്രിക്ക് വാലൻസ് എന്നിവർ ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രധാനികളുമായി സംസാരിച്ചിരുന്നു. കൂടാതെ, ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനായി എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് പീപ്പിൾ ഓഫീസർ പ്രേരണ ഐസാറിന്‍റെ നേതൃത്വത്തിൽ ഒരു ക്ലിനിക്കൽ ഉപദേശക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
എയിംസ് പോലുള്ള ഇന്ത്യൻ സ്ഥാപനങ്ങളുമായി ചേർന്നാണ് സംഘം പ്രവർത്തിക്കുക. ആരോഗ്യ പ്രവർത്തകർക്ക് പുറമെ പൊതു, ആഗോള ആരോഗ്യ ഗവേഷകരെയും ഈ സംഘത്തിൽ ഉൾപ്പെടുത്തും. നാളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓൺലൈനായി കൂടിക്കാഴ്‌ച നടത്തുമെന്നും ഉദ്യോദസ്ഥർ അറിയിച്ചിട്ടുണ്ട്.