ഹൈദരാബാദ്:പ്രതീക്ഷകള്‍ക്കും, അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും ശരിവയ്‌ക്കുന്ന തരത്തിലാണ് കാനഡയിലെ പൊതുതെരഞ്ഞെടുപ്പ് അവസാനിച്ചത്. പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്‌ട്ടപെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഒക്‌ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 338 സീറ്റുകളില്‍ 157 സീറ്റുകള്‍ മാത്രമാണ് ലിബറല്‍ പാര്‍ട്ടിക്ക് നേടാനായത്. കഴിഞ്ഞ തവണത്തേക്കാള്‍ 20 സീറ്റിന്‍റെ കുറവ്. മറുവശത്ത് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ക്ക് ലിബറല്‍ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചെങ്കിലും. സീറ്റുകളുടെ എണ്ണം 121ല്‍ ഒതുങ്ങി.
24 സീറ്റുകള്‍ നേടിയ ഇന്ത്യന്‍ വംശജന്‍ ജഗ്‌മീത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള നാഷണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കേവല ഭൂരിപക്ഷമില്ലാതെ നില്‍ക്കുന്ന ട്രൂഡോയ്‌ക്കൊപ്പം നിന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. അങ്ങനെ വന്നാല്‍ കാനഡ സര്‍ക്കാരില്‍ നിര്‍ണായ ശക്‌തിയായി എന്‍.ഡി.പി മാറും. സ്വാഭാവികമായും ഇന്ത്യ സര്‍ക്കാരിനോട് ഖലിസ്ഥാന്‍ വാദികള്‍ കൂടിയായ സിഖ് വംശജര്‍ക്കുള്ള സമീപനം ഇന്ത്യാ - കാനഡ ബന്ധത്തില്‍ നിര്‍ണായകമാകും.
അടിസ്ഥാനപരമായി വളരെയധികം സമാനതകളുള്ള രാജ്യങ്ങളാണ് ഇന്ത്യയും കാനഡയും. ഇരു രാജ്യങ്ങളുംതമ്മിലുള്ള സഹവർത്തിത്വവും, പൊതുവായ സവിശേഷതകളും ശ്രദ്ധേയമാണ്. സംസ്കാരങ്ങളിലെ വൈവിധ്യത, ശക്തമായ ജനാധിപത്യ വ്യവസ്ഥ, നിയമ സംവിധാനങ്ങള്‍, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയ നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും, സഹകരണവും, സമാനതയും വ്യക്‌തമായി കാണാന്‍ കഴിയും. അതേസമയം ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി ഒരു ബന്ധമില്ലെന്നത് പ്രധാനപ്പെട്ട ഒന്നാണ്.
42 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2015ല്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിച്ചത് എന്ന പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നുമെങ്കിലും യാഥാര്‍ഥ്യം അതാണ്. നരേന്ദ്ര മോദിയാണ് അന്ന് കാനഡയിലേക്ക് പോയത്. 2010ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട ആണവകരാര്‍ ഇന്ത്യാ കാനഡ ബന്ധത്തിന് കൂടുതല്‍ ശക്‌തി പകര്‍ന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സ്‌റ്റിഫന്‍ ഹാര്‍പ്പര്‍ ഇന്ത്യയുമായുള്ള സഹകരണം ദീര്‍ഘകാലം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.