ന്യൂയോര്‍ക്ക്: യുദ്ധം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം തേടി യുക്രൈന്‍. യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടല്‍ നടത്തണമെന്ന് യുഎന്‍ സുരക്ഷ സമിതിയുടെ അടിയന്തര യോഗത്തില്‍ യുഎന്നിലെ യുക്രൈന്‍ അംബാസഡര്‍ അംഗ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.
'യുദ്ധം അവസാനിപ്പിക്കേണ്ടത് യുഎന്‍ സുരക്ഷ സമിതിയുടെ ഉത്തരവാദിത്തമാണ്. യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു,' സുരക്ഷ സമിതിയുടെ യോഗത്തിനിടെ യുക്രൈന്‍ പ്രതിനിധി സെർജി കിസ്‌ളിത്സ്യ പറഞ്ഞു.
വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിന്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചതെന്നും വംശഹത്യയില്‍ നിന്നും യുക്രൈന്‍ ജനതയെ രക്ഷപ്പെടുത്തുകയാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ പ്രതിനിധി വാസിലി അലക്‌സീവിച്ച് നെബെൻസിയ പ്രതികരിച്ചു. യുക്രൈന്‍റെ പ്രതിസന്ധിയുടെ മൂല കാരണം യുക്രൈന്‍റെ തന്നെ പ്രവർത്തനങ്ങളാണെന്നും റഷ്യന്‍ പ്രതിനിധി ആരോപിച്ചു.
റഷ്യ യുക്രൈനില്‍ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചുവെന്ന് യുക്രൈന്‍റെ വിദേശകാര്യ മന്ത്രി ദിമിത്ത്രോ കുലേബ പ്രസ്‌താവിച്ചു. യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. സമാധാനപരമായ യുക്രൈന്‍ നഗരങ്ങള്‍ക്ക് നേരെ റഷ്യ വ്യോമാക്രമണങ്ങള്‍ നടത്തുകയാണ്. ഇതൊരു ആക്രമണ യുദ്ധമാണ്. യുക്രൈന്‍ ഇതിനെ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. ലോകത്തിന് പുടിനെ തടയാൻ കഴിയുമെന്നും ഇത് പ്രവർത്തിക്കേണ്ട സമയമാണെന്നും കുലേബ ട്വീറ്റ് ചെയ്‌തു.
Also read:യുക്രൈനെ ആക്രമിച്ച് റഷ്യ; ലോകരാജ്യങ്ങള്‍ തടയാൻ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമെന്ന് പുടിൻ