മാഡ്രിഡ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ 25 ആം സമ്മേളനം സ്പെയിനിലെ മാഡ്രിഡില്‍ നടക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക നേതാക്കന്‍മാര്‍ സജീവ ചര്‍ച്ചകളിലേര്‍പ്പെടുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ പലപ്പോഴും വെറും പ്രഹസനമാണെന്നും കാലാവസ്ഥാ വ്യതിയാനമോ കാര്‍ബണ്‍ ബഹിര്‍ഗമനമോ തടയാനോ ഒന്നും യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടത്തുന്നുമില്ലെന്നുമാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍. കഴിഞ്ഞ ദിവസം ഗ്രേറ്റ തുന്‍ബെര്‍ഗ് ലോക നേതാക്കന്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശം ഉന്നയിക്കുകയുമുണ്ടായി.
ഇതിലും ഭേദം മരിക്കുന്നതല്ലേ...ഇവര്‍ തൂക്കുകയര്‍ കഴുത്തിലിട്ടത് നാളേക്ക് വേണ്ടി ഈ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ പ്രതിഷേധമാണ് മാഡ്രിഡില്‍ തന്നെ നടന്നത്. സമ്മേളനം നടക്കുന്ന വേദിക്ക് പുറത്ത് കഴുത്തില്‍ കയറിട്ട് ഐസ് ക്യൂബുകള്‍ക്ക് മുകളില്‍ നിന്നായിരുന്നു ഇവരുടെ പ്രതിഷേധം.
ഉരുകിക്കൊണ്ടിരിക്കുന്ന ഐസ് കട്ടക്ക് മുകളില്‍ നിന്നുകൊണ്ട് ചര്‍ച്ച നടത്തുന്നവരില്‍ നിന്ന് വ്യക്തമായ തീരുമാനം ആവശ്യമാണെന്ന് മുദ്രാവാക്യം വിളിച്ചു. ഈ നിഷ്‌ക്രിയത്വത്തെ കൂടുതൽ പിന്തുണയ്‌ക്കാൻ ഞങ്ങൾക്ക് കഴിയില്ല. അതിനാലാണ് ഞങ്ങൾ ഇവിടെ തെരുവിലിറങ്ങുന്നതെന്ന് പ്രതിഷേധക്കാരിലൊരാളായ കാൻഡെല ഫെർണാണ്ടസ് പറഞ്ഞു. കൈക്കുഞ്ഞിനെയും കൈയിലെടുത്ത് അവര്‍ പ്രതിഷേധിച്ചു. വളരെ കുറച്ച് ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വലിയ ജനക്കൂട്ടത്തെക്കാള്‍ വരും തലമുറക്കുണ്ടാകുന്ന വിപത്തിനെ നേരിടാന്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് കഴിയും എന്നതാണ് ഇത്തരം പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്. കൂട്ടത്തില്‍ സാന്താക്ലോസും പ്രതിഷേധിക്കാനെത്തി.
സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, യൂറോപ്യൻ യൂണിന്‍റെ ഉന്നത കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മുതിർന്ന യൂറോപ്യൻ ഉദ്യോഗസ്ഥർ എന്നിവര്‍ അവസാന നിമിഷം വരെയും ഈ വിപത്തിനെ നേരിടുന്നതിനുള്ള ചര്‍ച്ചകളില്‍ ശക്തമായ ശബ്ദമുയര്‍ത്തി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതത്തെ നേരിടാന്‍ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിന് പണം സ്വരൂപിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമല്ലെന്നതാണ് പ്രധാന പ്രശ്നം. ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.