മാഡ്രിഡ്:കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. രാജ്യത്ത് പൊതു അവധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ ആശുപത്രിയിലേക്കോ ജോലിക്കോ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കൊന്നും പുറത്ത് പോകരുതെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് കൊവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒഴികെയുള്ള മറ്റെല്ലാ ഷോപ്പുകളും മേഖലയില്‍ നേരത്തേ അടച്ചിരുന്നു.
സ്പെയിനില്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 - പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
രാജ്യത്ത് ജനങ്ങൾക്ക് വീട് വിട്ടിറങ്ങാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്
സ്പെയിനില്‍ വെള്ളിയാഴ്ച മുതല്‍ 1500 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ 1753 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 183 പേര്‍ മരിച്ചു. ഇറ്റലിക്ക് ശേഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് സ്പെയിനിലാണ്.
അതേസമയം, പെഡ്രോ സാഞ്ചസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.