മോസ്‌കോ: ബാങ്കുകളുടെ സഹകരണ കൂട്ടായ്മയായ സ്വിഫ്‌റ്റില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഉപരോധം റഷ്യയ്ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ, പരിഭ്രാന്തരായി റഷ്യന്‍ ജനത. തിങ്കളാഴ്‌ച ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കാർഡുകളുടെ പ്രവർത്തനം നിര്‍ത്തലാക്കുമോ അല്ലെങ്കിൽ പിൻവലിക്കാവുന്ന പണത്തിന് പരിധി ഏർപ്പെടുത്തുമോ എന്ന ആശങ്കയാണ് റഷ്യന്‍ ജനതയെ എടിഎമ്മുകള്‍ക്ക് മുന്നിലെത്തിച്ചത്.
മോസ്‌കോയിലെ മെട്രോ, ബസ്, ട്രാം എന്നിവയുടെ കാര്‍ഡ് പേമെന്‍റുകള്‍ കൈകാര്യം ചെയ്യുന്ന റഷ്യന്‍ ബാങ്കായ വിടിബി ഉപരോധം നേരിടുന്നതിനാല്‍ ആപ്പിള്‍ പേ, ഗൂഗിള്‍ പേ, സാംസങ് പേ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടേക്കാമെന്ന് പൊതുഗതാഗത വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉപരോധത്തിന് പിന്നാലെ റഷ്യന്‍ കറന്‍സിയായ റൂബിൾ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സ്വിഫ്‌റ്റില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഒരു യുഎസ് സെന്‍റിനേക്കാള്‍ (അമേരിക്കന്‍ കറന്‍സിയിലെ ഏറ്റവും ചെറിയ നിരക്ക്) താഴ്ന്ന നിലയിലേക്ക് റൂബിള്‍ കൂപ്പുകുത്തിരുന്നു. ഉപരോധം റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍.
വെള്ളിയാഴ്ച (25.02.2022) ഡോളറിന് 84 റൂബിള്‍ എന്ന നിലയില്‍നിന്ന് റഷ്യന്‍ കറന്‍സി തകര്‍ന്നടിഞ്ഞു. 105 റൂബിളാണ് ഡോളറിനെതിരായ ഇന്നത്തെ മൂല്യം. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. റഷ്യന്‍ ഓഹരി സൂചികകളും തകര്‍ച്ചയെ നേരിടുകയാണ്.
സ്വിഫ്റ്റ് എന്നാല്‍
അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകള്‍ക്കായി ബെല്‍ജിയം ആസ്ഥാനമായി 1973ല്‍ പിറന്ന ബാങ്കുകളുടെ സഹകരണ കൂട്ടായ്മയാണിത്. സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്‍റര്‍ബാങ്ക് ഫൈനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍ എന്നതിന്‍റെ ചുരുക്കമാണ് സ്വിഫ്റ്റ്. ലോകത്തെ ബാങ്കുകള്‍ക്കിടയിലെ പണമിടപാടുകള്‍ക്ക് സുരക്ഷ ഒരുക്കുകയും തട്ടിപ്പും സൈബര്‍ ആക്രമണങ്ങളും മറ്റും തടയുകയുമാണ് പ്രധാന ദൗത്യം. നാഷണല്‍ ബാങ്ക് ഓഫ് ബെല്‍ജിയത്തിനാണ് നിയന്ത്രണം. യു.എസ്. ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയവയുടെ മേല്‍നോട്ടവുമുണ്ട്.