കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം അതിശക്തമാക്കി റഷ്യ. കീവിലും ഖാര്‍കീവിലും ജനവാസ മേഖലകളിലുള്‍പ്പടെ റഷ്യ ഷെല്ലാക്രമണം തുടരുകയാണ്. യുക്രൈനിലെ തെക്കന്‍ തുറമുഖ നഗരമായ ഖേഴ്‌സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തതായാണ് വിവരം. യുക്രൈന്‍ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റഷ്യന്‍ സൈന്യം ഖേഴ്‌സണിലെത്തിയതായി ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.
മറ്റൊരു തീരദേശ നഗരമായ മരിയുപോൾ റഷ്യൻ സേന വളഞ്ഞിരിക്കുകയാണെന്ന് ബ്രിട്ടന്‍റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. കീവിലെ ജനവാസ മേഖലകളില്‍ ഉള്‍പ്പടെ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ബുധനാഴ്‌ച കീവില്‍ നിന്ന് അരമണിക്കൂർ യാത്ര മാത്രമുള്ള ഗോറെങ്ക എന്ന ഗ്രാമത്തിന് നേരെ ബോംബാക്രമണമുണ്ടായി.
ഖാർകീവിന് നേരെയും റഷ്യന്‍ ആക്രമണം തുടരുകയാണ്. ഖാർകീവിന്‍റെ അഞ്ച് നിലകളുള്ള റീജിണൽ പൊലീസ് കെട്ടിടത്തിന്‍റെ മേൽക്കൂര റഷ്യ വ്യോമാക്രമണത്തില്‍ തകർത്തു. ഇന്‍റലിജന്‍സ് ആസ്ഥാനത്തും ഒരു സർവകലാശാലാ കെട്ടിടത്തിലും ആക്രമണമുണ്ടായി. ഇതില്‍ 21 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഖാർകീവ് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും യുക്രൈന്‍റെ സ്റ്റേറ്റ് എമർജൻസി സർവീസ് പുറത്തുവിട്ടു.
റസിഡൻഷ്യൽ കെട്ടിടങ്ങളും തകർന്നതായി അധികൃതർ പറഞ്ഞു. എന്നാൽ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കീവിലെ സതേണ്‍ റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്‌ച രാത്രി മിസൈൽ ആക്രമണം ഉണ്ടായതായി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. ആളപായത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചെര്‍ണീവിലെ ആശുപത്രിയില്‍ രണ്ട് ക്രൂയിസ് മിസൈലുകള്‍ പതിച്ചതായി യുക്രൈന്‍ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐഎഎന്‍ അറിയിച്ചു.
കൊല്ലപ്പെട്ട സൈനികരുടെ കണക്ക് പുറത്ത് വിട്ട് റഷ്യ
ഇതിനിടെ,യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകള്‍ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് പുറത്തുവിട്ടു. യുദ്ധത്തില്‍ 500 ഓളം സൈനികർ കൊല്ലപ്പെടുകയും 1,600 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്. സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ആള്‍നാശമുണ്ടായെന്ന് റഷ്യ വെളിപ്പെടുത്തുന്നത്.
എന്നാല്‍ ഏകദേശം 6,000 ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍റെ വാദം. യുക്രൈന്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. റഷ്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 2,870ലധികം യുക്രൈന്‍ സൈനികർ കൊല്ലപ്പെടുകയും 3,700 ഓളം പേർക്ക് പരിക്കേൽക്കുകയും 570 ലധികം പേർ പിടിക്കപ്പെട്ടതായുമാണ് വിവരം.
റഷ്യയുടെ ആക്രമണത്തില്‍ രണ്ടായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ പുറത്തുവിടുന്ന വിവരം. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഏകദേശം 934,000ത്തിലധികം ആളുകൾ യുക്രൈനില്‍ നിന്ന് പലായനം ചെയ്‌തതായി യുഎന്‍ പറയുന്നു.
യുക്രൈനിലെ സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യുഎൻ പൊതുസഭയില്‍ വോട്ടിനിട്ടു. 141 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യ, ബെലാറുസ്, സിറിയ, ഉത്തര കൊറിയ, എറിത്രിയ എന്നീ അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതേസമയം, റഷ്യന്‍സേനയുടെ വന്‍ വാഹനവ്യൂഹം കീവിന് 25 കിലോമീറ്റര്‍ അകലെ വച്ച് സ്‌തംഭിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ വാഹനവ്യൂഹം മുന്നോട്ട് നീങ്ങുന്നതില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ധന, ഭക്ഷ്യക്ഷാമവും യുക്രൈന്‍ സേനയുടെ പ്രതിരോധവും വാഹനവ്യൂഹത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Also read:ഓപ്പറേഷൻ ഗംഗ: 17,000 ഇന്ത്യക്കാർ യുക്രൈന്‍ വിട്ടു, അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ