കീവ്: യുക്രൈനിൽ റഷ്യൻ അധിനിവേശം നാലാം ദിവസം പിന്നിടുമ്പോൾ കീവിന് ശേഷം രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ പ്രവേശിച്ച് റഷ്യൻ സേന. നഗരത്തിൽ പോരാട്ടം നടക്കുകയാണെന്നും ആളുകൾ ബങ്കറുകളിൽ നിന്നും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും റീജിണൽ അഡ്‌മിനിസ്‌ട്രേഷൻ മേധാവി ഒലേ സിൻഹബ് അറിയിച്ചു.
റഷ്യൻ ദക്ഷിണ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രമാണ് ഖാർകിവിലേക്കുള്ളത്. എന്നാൽ നാല് ദിവസവും നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കടുത്ത പ്രതിരോധം തീർക്കാൻ യുക്രൈൻ സേനയ്ക്ക് സാധിച്ചിരുന്നു. ഖാർകിവ് തെരുവുകളിൽ കൂടി റഷ്യൻ സേനയുടെ വാഹനങ്ങൾ പോകുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുക്രൈനിലുള്ളത് 1,20,000 ജൂത മതസ്ഥർ
റഷ്യൻ അധിനിവേശത്തിൽ വലിയൊരു ജൂത സമൂഹം കുടിയേറ്റക്കാരാകുമെന്ന് ജൂത സംഘടന. യുക്രൈനുമായി അതിർത്തി പങ്കിടുന്ന പോളണ്ട്, മോൾഡോവ, റൊമേനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ജൂത സമൂഹത്തിനായി തുറക്കാൻ പദ്ധതിയിട്ടിരുന്നു. യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന ജൂത പൗരര്‍ക്ക് താൽക്കാലികമായി താമസ സൗകര്യം ഒരുക്കുമെന്നും ഇസ്രയേലിലേക്ക് പോകുന്നതിനായി ആദ്യം പോളണ്ടിലേക്ക് കടക്കാൻ ജൂതന്മാരെ സഹായിക്കുമെന്നും സംഘടന വ്യക്തമാക്കി. യുക്രൈനിൽ ഏകദേശം 1,20,000 ജൂത മതസ്ഥരുണ്ടെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്.
യുക്രൈന് ഇന്‍റർനെറ്റ് സേവനം പ്രഖ്യാപിച്ച് എലോണ്‍ മസ്‌ക്
യുക്രൈനിൽ സ്പേസ് എക്‌സ് കമ്പനിയുടെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനം ലഭ്യമാണെന്ന് എലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. മസ്‌ക് ചൊവ്വയെ കോളനിവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ റഷ്യ യുക്രൈനെ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് യുക്രൈൻ ഡിജിറ്റൽ ട്രാൻസ്‌ഫോമേഷൻ മന്ത്രി ട്വീറ്റ് ചെയ്‌തിരുന്നു. യുക്രൈന് സ്റ്റാർലിങ്ക് സ്‌റ്റേഷൻ അനുവദിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ട്വീറ്റായിട്ടായിരുന്നു മസ്‌കിന്‍റെ പ്രഖ്യാപനം.
READ MORE:റഷ്യയ്ക്ക് അടുത്ത പ്രഹരം ; ഫേസ്‌ബുക്കിന് പിന്നാലെ മാധ്യമങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ നിരോധിച്ച് ഗൂഗിള്‍