മോസ്‌കോ/കീവ്: യുക്രൈനില്‍ സൈനിക നടപടിയാരംഭിച്ച് റഷ്യ. യുക്രൈനിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യൻ സമയം 8.30ഓടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ യൂക്രൈൻ തലസ്ഥാനമായ കീവിലെ ആറ് ഇടത്ത് വ്യോമാക്രമണം തുടങ്ങി. രാജ്യത്തിന്‍റെ പല ഭാഗത്തും സ്ഫോടനം നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം തടയാൻ ഏതെങ്കിലും രാഷ്ട്രം ശ്രമിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. യുക്രൈനോട് ആയുധം വച്ച് കീഴടങ്ങണമെന്നും പുടിൻ ആവശ്യപ്പെട്ടു. പൗരന്മാരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് സൈനിക നടപടിയെന്നാണ് റഷ്യയുടെ അവകാശവാദം. യുക്രൈനില്‍ നിന്ന് വരുന്ന ഭീഷണികള്‍ക്കുള്ള മറുപടിയായാണ് നടപടിയെന്ന് വ്‌ളാദ്‌മിര്‍ പുടിന്‍ അറിയിച്ചു.
യുക്രൈൻ പൂര്‍ണമായും പിടിച്ചെടുക്കയെന്ന ലക്ഷ്യം റഷ്യക്കില്ലെന്ന് പുടിന്‍ വീണ്ടും ആവര്‍ത്തിച്ചു. രക്തച്ചൊരിച്ചിലിന്‍റെ ഉത്തരവാദിത്തം യുക്രൈന്‍ ഭരണകൂടത്തിനാണെന്നും പുടിൻ കൂട്ടിച്ചേര്‍ത്തു. റഷ്യൻ നടപടിയിൽ ഇടപെടാനുള്ള ഏതൊരു ശ്രമവും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങളിലേക്ക് നയിക്കുമെന്ന് പുടിൻ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.