കീവ്: യുക്രൈന്‍റെ ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ ഫ്രീഡം സ്ക്വയറിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായി. കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. ഫ്രീഡം സ്ക്വയറിലുണ്ടായ ആക്രമണം റഷ്യൻ ഭരണകൂട ഭീകരതയാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.
കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. റഷ്യന്‍ ഭീകരതയുടെ നഗ്നമായ പ്രകടനമാണിതെന്ന് യുക്രൈന്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍റെ രഹസ്യാന്വേഷണ ഏജൻസി ഉപയോഗിക്കുന്ന കീവിലെ പ്രക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായി റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെലിവിഷന്‍ ടവറിന് നേരെ ആക്രമണമുണ്ടായത്.
ഒരു ടിവി കൺട്രോൾ റൂമും പവർ സബ്‌സ്റ്റേഷനുമാണ് തകർത്തത്. ആക്രമണത്തെ തുടര്‍ന്ന് ചില യുക്രൈന്‍ ചാനലുകളുടെ സംപ്രേഷണം തടസപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ടെലിവിഷന്‍ ടവറിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ബാബി യാർ ഹോളോകോസ്റ്റ് സ്‌മാരക പ്രദേശത്തും ശക്തമായ മിസൈൽ ആക്രമണമുണ്ടായതായി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. ഒരു ജൂത സെമിത്തേരിക്ക് കേടുപാടുകൾ സംഭവിച്ചു.