ആണവ കരാർ ഉടമ്പടി നീട്ടാനുള്ള അമേരിക്കയുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് റഷ്യ - ന്യൂ സ്റ്റാർട്ട്
ആണവായുധ ഉപയോഗം കുറക്കുന്നതിന് 2010ലാണ് ന്യൂ സ്റ്റാർട്ട് ഉടമ്പടിയിൽ ഒപ്പുവച്ചത്
മോസ്കോ:അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവ കരാർ ഉടമ്പടിയായ "ന്യൂ സ്റ്റാർട്ടിന്‍റെ" കലാവധി നീട്ടാനുള്ള യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിർദേശത്തെ റഷ്യ സ്വാഗതം ചെയ്തു. ഫെബ്രുവരി അഞ്ചിനാണ് ഉടമ്പടി അവസാനിക്കുന്ന കാലാവധി. ഈ സാഹചര്യത്തിൽ അഞ്ച് വർഷത്തെ കാലാവധി നീട്ടാൻ ബൈഡൻ റഷ്യയോട് നിർദ്ദേശിച്ചിരുന്നു. ആണവായുധ ഉപയോഗം കുറക്കുന്നതിന് അന്നത്തെ യുഎസ്, റഷ്യൻ പ്രസിഡന്‍റുമാരായ ബറാക് ഒബാമയും ദിമിത്രി മെദ്വദേവും 2010ലാണ് ന്യൂ സ്റ്റാർട്ട് ഉടമ്പടിയിൽ ഒപ്പുവച്ചത്. യാതൊരു വ്യവസ്ഥകളോ മാറ്റങ്ങളോ ഇല്ലാതെ കരാർ നീട്ടാൻ റഷ്യ വളരെക്കാലമായി നിർദേശിച്ചിരുന്നെങ്കിലും മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭരണകാലത്ത് ഉടമ്പടിയുടെ കാലാവധി നീട്ടിയില്ല.