ന്യൂയോർക്ക്: യുക്രൈനിൽ യുദ്ധം ആരംഭിച്ചതിനു ശേഷം അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ സ്ഥാപിച്ചുവെന്നും 3,30,000 ആളുകൾക്ക് ഭക്ഷ്യസഹായം എത്തിച്ചുവെന്നും ഐക്യരാഷ്‌ട്ര സഭ. ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസികളായ യുണിസെഫും യുഎൻഎച്ച്സിആറും ചേർന്ന് യുക്രൈൻ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതമായ 'ബ്ലൂ ഡോട്ട്സ്' സെന്‍ററുകൾ സ്ഥാപിച്ചുവെന്ന് യുഎൻ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റെഫാൻ ദുജാറിക് അറിയിച്ചു.
പ്രാദേശിക സർക്കാരുകളുമായും സിവിൽ സൊസൈറ്റി സംഘടനകളുമായും ഏകോപിപ്പിച്ചാണ് "ബ്ലൂ ഡോട്ട്സ്" കേന്ദ്രങ്ങൾ സ്ഥാപിച്ചത്. മാതാപിതാക്കൾ ഒപ്പമില്ലാത്ത കുട്ടികളെ കണ്ടെത്തി അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്ക് അവശ്യ സേവനങ്ങളും വിവരങ്ങളും ഉറപ്പുവരുത്തുക എന്നിവ ബ്ലൂ ഡോട്ട്സ് കേന്ദ്രങ്ങൾ വഴി യുഎൻ നിർവഹിക്കുന്നുവെന്ന് ദുജാറിക് അറിയിച്ചു.