കേരളം

kerala

ETV Bharat / international

LIVE Updates | ചെറുത്ത് നിന്ന് യുക്രൈൻ: ആക്രമണം കടുപ്പിച്ച് റഷ്യ - റഷ്യ- യുക്രൈൻ യുദ്ധം

Russia Ukraine War  live update  Russia-ukraine conflict  റഷ്യ- യുക്രൈൻ യുദ്ധം  തത്സമയ വിവരങ്ങള്‍
യുദ്ധക്കളമായി യുക്രൈൻ

By

Published : Feb 26, 2022, 7:19 AM IST

Updated : Feb 26, 2022, 10:40 PM IST

22:31 February 26

യുക്രൈന് ആയുധം നല്‍കി പാശ്ചാത്യ രാജ്യങ്ങള്‍

  • യുക്രൈന്‌ ആയുധ സഹായം പ്രഖ്യാപിച്ച് പാശ്ചാത്യ രാജ്യങ്ങള്‍. യുക്രൈനിലേക്കുള്ള റോക്കറ്റ് ലോഞ്ചര്‍ ഡെലിവറികള്‍ക്ക് ജര്‍മ്മനി അനുമതി നല്‍കി. 400 ഗ്രനേഡ്‌ ലോഞ്ചറുകള്‍ നെതര്‍ലാന്‍ഡ്‌ മുഖേന കൈമാറുമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചു. ബെല്‍ജിയം 2000 മെഷീന്‍ ഗണ്ണും 3,800 ടണ്‍ ഇന്ധനവും യുക്രൈന്‍ സൈന്യത്തിന് നല്‍കും.

22:20 February 26

ബെർഡിയാൻസ്‌ക് വിമാനത്താവളം പിടിച്ചെടുത്ത്‌ റഷ്യ

  • യുക്രൈനെ വളഞ്ഞ് റഷ്യന്‍ സേന. യുക്രൈനിലെ ബെർഡിയാൻസ്‌ക് വിമാനത്താവളം പിടിച്ചെടുത്തു. യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയം.

21:41 February 26

ഓപ്പറേഷന്‍ ഗംഗ; രണ്ടാം വിമാനം ബുക്കാറെസ്റ്റില്‍ നിന്നും പുറപ്പെട്ടു

  • യുക്രൈനില്‍ കുടുങ്ങിയ 250 ഇന്ത്യക്കാരുമായി രണ്ടാം വിമാനം ബുക്കാറെസ്റ്റില്‍ നിന്നും പുറപ്പെട്ടു. വിമാനം നാളെ പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തും.

21:28 February 26

കീവില്‍ ഒരു ദിവസത്തേക്ക് മുഴുസമയ കര്‍ഫ്യൂ

  • യുക്രൈനില്‍ കര്‍ഫ്യൂ സമയ പരിധി നീട്ടി. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഒരു ദിവസത്തേക്ക് മുഴുസമയ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റഷ്യന്‍ സേന കീവില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

21:21 February 26

യുക്രൈനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ

  • യുക്രൈന്‍ ചര്‍ച്ചയ്‌ക്ക് വിസമ്മതിച്ചതോടെ ആക്രമണം ശക്തമാക്കാന്‍ റഷ്യന്‍ സേനയ്‌ക്ക് ഉത്തരവ്‌ നല്‍കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം.

21:06 February 26

ഓപ്പറേഷന്‍ ഗംഗ; ഇന്ത്യന്‍ രക്ഷാദൗത്യത്തിന് പേര്‌ നല്‍കി കേന്ദ്ര സര്‍ക്കാര്‍

  • യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ രക്ഷാദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷൻ ഗംഗ എന്ന പേര്‌ നല്‍കി. 27 മലയാളികള്‍ ഉള്‍പ്പെടെ 219 പേരാണ് റൊമേനിയയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാരെ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ സ്വീകരിച്ചു.

20:57 February 26

ഒത്തുതീര്‍പ്പാകാം, ഭീഷണിക്ക് വഴങ്ങില്ലെന്ന് യുക്രൈന്‍

  • യുക്രൈന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്ന റഷ്യയുടെ ആരോപണം തള്ളി യുക്രൈന്‍. ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയ്‌ക്ക് വിസമ്മതിച്ചിട്ടില്ല. എന്നാല്‍ റഷ്യയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് യുക്രൈന്‍.

20:47 February 26

റഷ്യന്‍ അധിനിവേശം; യുക്രൈന്‍ വിട്ടത് ഒന്നരലക്ഷത്തിലധികം പേര്‍

  • യുക്രൈനില്‍ കൂട്ടപ്പലായനം. യുക്രൈനില്‍ നിന്നും ഇതുവരെ പലായനം ചെയ്‌തത് ഒന്നരലക്ഷത്തിലധികം ആളുകളെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. പോളണ്ട്, ഹംഗറി, മൊല്‍ദോവ, റൊമേനിയ എന്നിവടങ്ങളിലേക്കാണ് പ്രധാനമായും ആളുകള്‍ പലായനം ചെയ്യുന്നത്.

20:35 February 26

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ നിന്നും പിന്മാറി സ്വീഡന്‍

  • റഷ്യക്കെതിരെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ നിന്നും സ്വീഡനും പിന്‍മാറി. നേരത്തെ പോളണ്ട് കളിക്കില്ലെന്ന് അറിയിച്ചിരുന്നു. മാർച്ച് 24ന് മോസ്‌കോയിലായിരുന്നു മത്സരം.

20:23 February 26

ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയിലെത്തി

  • 219 ഇന്ത്യക്കാരുമായി യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ എത്തി. റോമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

19:50 February 26

റഷ്യക്കെതിരായ പോരാട്ടം തുടരുമെന്ന് സെലെന്‍സ്‌കി

  • റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈന്‍ പോരാട്ടം തുടരുമെന്ന് പ്രസിഡന്‍റ്‌ വ്ളാദ്‌മിര്‍ സെലെന്‍സ്‌കി. ആയുധം താഴെവെക്കില്ല, നാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് സെലെന്‍സ്‌കി. മൂന്നാം ദിവസവും യുക്രൈന്‍റെ വിവിധ ഇടങ്ങളില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്.

19:39 February 26

യുക്രൈനില്‍ സമാധാനം നിലനിര്‍ത്താന്‍ ഒപ്പമുണ്ടെന്ന് ഇന്ത്യ

  • യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ സെലെന്‍സ്‌കിയോട്‌ അനുഭാവപൂര്‍വമായ നിലപാട്‌ സ്വീകരിച്ച് ഇന്ത്യ. യുക്രൈനില്‍ സമാധാനം നിലനിര്‍ത്താന്‍ ഒപ്പമുണ്ടെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴുപ്പിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും മോദി സെലെന്‍സ്‌കിയോട്‌ അഭ്യര്‍ഥിച്ചു.

19:10 February 26

ഇന്ത്യന്‍ നിലപാട്‌ സ്വാഗതം ചെയ്‌ത്‌ റഷ്യ

  • യുഎന്നില്‍ ഇന്ത്യ സ്വതന്ത്ര നിഷ്‌പക്ഷ നിലപാട്‌ സ്വീകരിച്ചതില്‍ സന്തോഷമെന്ന് റഷ്യ. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയോട്‌ ആശയവിനിമയം നടത്താന്‍ പ്രതിജ്ഞാബദ്ധമെന്നും റഷ്യ.

18:40 February 26

നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി യുക്രൈന്‍ പ്രസിഡന്‍റ്‌ സെലെന്‍സ്‌കി

  • യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ തേടി യുക്രൈന്‍. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ സെലെന്‍സ്‌കി ചര്‍ച്ച നടത്തി. ഒരു ലക്ഷത്തിലേറെ റഷ്യന്‍ സൈന്യം യുക്രൈനിലെത്തിയിട്ടുണ്ട്. ജനവാസ മേഖലയിലും റഷ്യന്‍ ആക്രമണം. നിലവിലെ സാഹചര്യം മോദിയെ ധരിപ്പിച്ചതായും സെലെന്‍സ്‌കി.

18:28 February 26

റഷ്യന്‍ കപ്പല്‍ തടഞ്ഞ് ഫ്രാന്‍സ്‌

  • ഇംഗ്ലീഷ്‌ ചാനലില്‍ റഷ്യന്‍ കപ്പല്‍ തടഞ്ഞ് ഫ്രഞ്ച്‌ നാവികസേന. ബാള്‍ട്ടിക്‌ ലീഡര്‍ എന്ന ചരക്ക് കപ്പലാണ് ഫ്രഞ്ച്‌ സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് തടഞ്ഞത്.

18:10 February 26

ഹംഗറി വഴിയും ഒഴിപ്പിക്കല്‍

  • യുക്രൈനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘം ഹംഗറിയിലെത്തി. ബുദാപെസ്റ്റില്‍ നിന്നും എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.

17:55 February 26

വ്യോമാതിര്‍ത്തി അടച്ച് റഷ്യ

  • ബള്‍ഗേറിയ, പോളണ്ട്‌, ചെക്ക് റിപ്പബ്ലിക്‌ രാജ്യങ്ങളിലേക്കുള്ള വ്യോമാതിര്‍ത്തി അടച്ച് റഷ്യ.

17:49 February 26

കീവ്‌ യുക്രൈന്‍ നിയന്ത്രണത്തില്‍ തന്നെ

  • കീവ്‌ ഇപ്പോഴും യുക്രൈന്‍ നിയന്ത്രണത്തില്‍ തന്നെയാണ്. സ്വിസര്‍ലാന്‍റും ഗ്രീസും യുക്രൈന്‍റെ പോരാട്ടത്തിന് പിന്തുണ നല്‍കിയതായും സെലെൻസ്‌കി പറഞ്ഞു. ഇതുവരെ ഒരു ലക്ഷത്തോളം ആളുകള്‍ യുക്രൈന്‍ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്.

17:28 February 26

കര്‍ഫ്യൂ പ്രഖ്യാപിച്ച് യുക്രൈന്‍

  • യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അഞ്ച്‌ മണി മുതല്‍ എട്ട് മണി വരെയാണ് കര്‍ഫ്യൂ സമയം. കര്‍ഫ്യൂ ലംഘിക്കുന്നവരെ അട്ടിമറിസംഘമായി പ്രഖ്യാപിക്കുമെന്ന് യുക്രൈന്‍ ഭരണകൂടം.

17:18 February 26

ഇന്ത്യക്കാരെ സ്ലോവ്യാക അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ നടപടി

  • യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സ്ലോവ്യാക അതിര്‍ത്തി വഴി ഒഴുപ്പിക്കുന്നതിന് നടപടി ആരംഭിച്ചു. അതിര്‍ത്തിക്കടുത്തുള്ള ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ലോവ്യാകയിലെ ഇന്ത്യ എംബസിയുടെ നിര്‍ദേശം.

17:12 February 26

219 ഇന്ത്യക്കാരുമായി വിമാനം രാത്രി ഒന്‍പത് മണിയോടെ മുംബൈയില്‍ എത്തും

  • യുക്രൈനില്‍ കുടുങ്ങിയ 219 ഇന്ത്യക്കാരുമായി റൊമേനിയയിലെ ബുക്കറെസ്റ്റില്‍ നിന്നും പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ രാത്രി 9.00 മണിയോടെ എത്തും.

16:52 February 26

റഷ്യന്‍ ജനതയോട്‌ നന്ദി അറിയിച്ച് സെലെൻസ്‌കി

  • റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ ശബ്‌ദമുയര്‍ത്തിയ റഷ്യന്‍ പൗരന്മാരോട്‌ നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ്‌ വ്‌ളാദ്‌മിർ സെലെൻസ്‌കി. യുക്രൈന്‍ തലസ്ഥാനമായ കീവ്‌ പിടിച്ചെടുത്ത് തന്നെ പുറത്താക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമത്തെ യുക്രൈന്‍ സൈന്യം തടഞ്ഞെന്നും സെലെൻസ്‌കി.

15:37 February 26

യുക്രൈന്‍ യുറോപ്യന്‍ യൂണിയന്‍റെ ഭാഗമാകണമെന്ന് സെലെൻസ്‌കി

  • യുക്രൈന്‍റെ ചരിത്രത്തില്‍ പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്ന് പ്രസിഡന്‍റ്‌ വ്‌ളാദ്‌മിർ സെലെൻസ്‌കി. റഷ്യക്കെതിരായ പോരാട്ടം തുടരും. യുക്രൈന്‍ യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമാകേണ്ടത് അനിവാര്യമാണെന്നും സെലെന്‍കി.
  • റഷ്യയെ സ്വിഫ്‌റ്റില്‍ നിന്നും പുറത്താക്കുന്നതില്‍ ഇറ്റലിയുടെ പ്രധാന മന്ത്രി മാരിയോ ഡ്രാഗി പിന്തുണയറിച്ചതായി സെലെൻസ്‌കി.

15:19 February 26

കുട്ടികള്‍ ഉള്‍പ്പെടെ 198 പേര്‍ കൊല്ലപ്പെട്ടു

  • മൂന്നാം ദിവസവും യുദ്ധം രൂക്ഷം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 198 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ആരോഗ്യമന്ത്രാലയം. 33 കുട്ടികള്‍ ഉള്‍പ്പെടെ 1,115 പേര്‍ക്ക് പരിക്ക്.

15:09 February 26

റഷ്യയുടെ യുക്രൈന്‍ അധിനിവേശം അപലപിച്ച് പോളണ്ട്

  • പോളണ്ട് യുക്രൈനൊപ്പമാണ്. യുക്രൈന് വേണ്ട ആയുധങ്ങള്‍ പോളണ്ടും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് നല്‍കുന്നണ്ട്. യുക്രൈനില്‍ നിന്നും വരുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തേക്ക് കടക്കാനുള്ള എല്ലാം സഹായവും നല്‍കുന്നുണ്ടെന്ന് ഇന്ത്യയിലെ പോളണ്ട് അംബാസിഡര്‍ ആദം ബുരാക്കോവ്സ്‌കി പറഞ്ഞു.

14:58 February 26

യുക്രൈന് സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്‌

  • യുക്രൈന് 350 മില്യണ്‍ ഡോളര്‍ സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്‌ പ്രസിഡന്‍റ്‌ ജോ ബൈഡന്‍.

13:35 February 26

യുക്രൈന് ആയുധങ്ങള്‍ നൽകി ഫ്രാൻസ്

  • ഫ്രാൻസ് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണുമായി സംഭാഷണം നടത്തിയെന്നും. ഫ്രാൻസിൽ നിന്നുള്ള ആയുധങ്ങള്‍ ഉടൻ ഉക്രൈനിലെത്തുമെന്നും പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി

13:18 February 26

മെലിറ്റോപോള്‍ റഷ്യൻ നിയന്ത്രണത്തിലായതായി റഷ്യൻ പ്രതിരോധ മന്ത്രാലം

  • യുക്രൈൻ നഗരം മെലിറ്റോപോള്‍ റഷ്യ നിയന്ത്രണത്തിലാക്കിയതായി റിപ്പോർട്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്ത ഏജസി ഇന്‍റർഫാക്സ് റിപ്പോർട്ട് ചെയ്തു.

13:16 February 26

ഫ്ലാറ്റുകല്‍ക്ക് നേരെ റഷ്യൻ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്

  • യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ ഫ്ളാറ്റുകള്‍ക്ക് നേരെ റഷ്യൻ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. കീവ് സിറ്റി അഡ്മിനിസ്ട്രേഷനാണ് ചിത്രം ട്വിറ്റ് ചെയ്തിരിക്കുന്നത്.

13:16 February 26

821 യുക്രൈൻ സൈനിക കേന്രങ്ങള്‍തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം

  • 821 യുക്രൈൻ സൈനിക കേന്ദ്രങ്ങള്‍ തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു.

12:38 February 26

യുക്രൈന് യുഎസ് ധന സഹായം

  • യുക്രൈന് 600 മില്ല്യണ്‍ ഡോളർ ധനസഹായം നൽകാൻ യുഎസ് തീരുമാനം. ഉത്തരവിൽ പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പ് വച്ചു

12:37 February 26

റഷ്യൻ മാധ്യമങ്ങളിൽ പരസ്യങ്ങള്‍ നിരോധിച്ച് മെറ്റ

  • ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് പ്ലാറ്റ്ഫോമുകളിലുള്ള റഷ്യൻ മാധ്യമങ്ങളിൽ പരസ്യങ്ങള്‍ നിരോധിച്ച് മെറ്റ. 'റഷ്യൻ മാധ്യമങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പണം സമ്പാദിക്കുന്നത് ലോകത്ത് എല്ലായിടത്തും വിലക്കുകയാണെന്ന് ഫേസ്ബുക്ക് സുരക്ഷ മേധാവി നഥാനിയൽ ഗ്ലീച്ചർ ട്വിറ്ററിലൂടെ അറിയിച്ചു.

11:50 February 26

കീഴടങ്ങില്ലന്ന് സെലൻസ്കി

  • കീഴടങ്ങില്ലന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. ആയുധം താഴെവയ്ക്കില്ല. ആയുധം താഴെ വയ്ക്കാൻ താൻ സേനയോട് ആവശ്യപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണ്. ഞാൻ ഇവിടെ തന്നെയുണ്ട്. നമ്മള്‍ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുമെന്നും സെലൻസ്കി പറഞ്ഞു. ഔദ്യോഗിക വസതിക്ക് മുമ്പിൽ നിന്നെടുത്ത പുതിയ വീഡിയോ സന്ദേശത്തിലൂടെയാണ് സെലൻസ്കിയുടെ പ്രതികരണം.

11:27 February 26

വ്യോമാക്രമണം കടുപ്പിച്ച് റഷ്യ

  • യുക്രൈനിൽ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. വിമാനത്താവളങ്ങളിലും സുമി, പോള്‍ട്ടാവ, മരിപോള്‍ മേഖലകളിലും വ്യോമാക്രമണം. കരിങ്കടലിൽ നിന്ന് റഷ്യ മിസൈലുകള്‍ വിഷേപിക്കുന്നുവെന്ന് യുക്രൈൻ ആർമി

11:06 February 26

കാർകീവിൽ സ്ഫോടനം

  • കാർകീവിൽ സ്ഫോടനം പരമ്പര. വിമാനത്താവളത്തിൽ വെടിവയ്പ്പ്. തിരിച്ചടിച്ച് യുക്രൈൻ സൈന്യം. റഷ്യൻ വാഹന വ്യൂഹം തകർത്തതായി റിപ്പോർട്ട്.

11:05 February 26

അമേരിക്കൻ സഹായം തള്ളി സെലൻസ്‌കി

  • യുക്രൈൻ തലസ്ഥാനമാ കീവില്‍ നിന്ന് രക്ഷപെടാനുള്ള അമേരിക്കൻ സഹായം നിരസിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദ്‌മിർ സെലൻസ്‌കി. 'യുദ്ധം ഇവിടെയാണ്, തനിക്ക് വേണ്ടത് സൈനിക സഹായമാണ് വേണ്ടത് ഒളിച്ചോട്ടമല്ലന്ന് സെലൻസ്‌കി പ്രതികരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു

09:54 February 26

കീവിൽ യുക്രൈൻ പ്രതിരോധം

  • തലസ്ഥാന നഗരമായ കീവിൽ ശക്തമായ ഏറ്റുമുട്ടൽ. റഷ്യൻ വിമാനങ്ങള്‍ തകർത്തെന്ന് യുക്രൈൻ ആർമി.

09:37 February 26

പുടിന് വിലക്ക് ഏൽപ്പെടുത്തുമെന്ന് കാനഡ

പുടിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുമെന്ന് കാനഡ. റഷ്യന്‍ വിദേശകാര്യ മന്ത്രിക്കും വിലക്കേർപ്പെടുത്തും.

09:16 February 26

യുക്രൈനിൽ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ഡൽഹിയിൽ

  • ഇന്ത്യൻ വിദ്യാർഥികളുടെ സംഘം ബുക്കാറസ്‌റ്റ് വിമാന താവളത്തിലെത്തി. ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും. രണ്ട് വിമാനങ്ങളിൽ 17 മലയാളികളടക്കം 470 പേർ

07:29 February 26

പോരാട്ടം കനക്കുന്നു ; മെട്രോ സ്റ്റേഷൻ തകർത്തു.

  • കീവിൽ മെട്രോ സ്റ്റേഷനിൽ സ്ഫോടനം. സ്റ്റേഷൻ തകർന്നു. താപവൈദ്യുത നിലയത്തിന് നേരേയും റഷ്യൻ ആക്രമണം

07:29 February 26

റഷ്യക്കെതിരെ യുഎൻ

  • റഷ്യൻ സൈന്യം യുക്രൈൻ വിടണമെന്ന് യുഎൻ

07:25 February 26

വ്യോമ പാത നിരോധിച്ച് ബ്രിട്ടൻ

  • സ്വകാര്യ റഷ്യൻ വിമാനങ്ങള്‍ക്ക് ബ്രിട്ടൻ വ്യോമപാത നിരോധിച്ചു.

06:59 February 26

കീവിൽ പോരാട്ടം രൂക്ഷം

  • യുക്രൈൻ തലസ്ഥാനമായ കീവിൽ പോരാട്ടം രൂക്ഷം. റഷ്യൻ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈൻ.

06:59 February 26

യുഎൻ പ്രമേയം വീറ്റോ ചെയ്‌ത് റഷ്യ

  • സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു. പ്രമേയം വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.11 രാജ്യങ്ങള്‍ പ്രമേയത്തെ അംഗീകരിച്ചു.

06:26 February 26

തലസ്ഥാന നഗരമായ കീവിൽ ഇരു സേനകളും തമ്മിൽ രൂക്ഷമായ പോരട്ടം

മോസ്‌കോ/കീവ്:മൂന്നാം ദിനവും യുക്രൈനെ കടന്നാക്രമിക്കുകയാണ് റഷ്യ. തലസ്ഥാന നഗരമായ കീവിൽ ഇരു സേനകളും തമ്മിൽ രൂക്ഷമായ പോരട്ടമാണ് നടക്കുന്നത്. നിരവധി സ്ഫോടനങ്ങളും പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. യുക്രൈന്‍റെ രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകർത്തു.

തിരിച്ചടിച്ച യുക്രൈൻ റഷ്യൻ വിമാനം വെടിവെച്ചിട്ടു. അതേസമയം യുദ്ധത്തിൽ നിന്ന് അടിയന്തിരമായി പിൻമാറണമെന്ന് റഷ്യക്ക് നാറ്റോ മുന്നറിയിപ്പ് നൽകി. യുക്രൈന് കൂടുതൽ പ്രതിരോധ സഹായം നൽകും. യുറോപ്പിൽ സൈനിക വിന്യാസം വർധിപ്പിക്കും. 120 പടക്കപ്പലുകളും, 30 യുദ്ധ വിമാനങ്ങളും തയ്യാറാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റാള്‍ട്ടൻബർഗ് അറിയിച്ചു.

കഴിഞ്ഞ മണിക്കൂറുകളിൽ നടന്നത്

യുദ്ധക്കളമായി യുക്രൈൻ: ആശങ്കയോടെ ലോക രാജ്യങ്ങള്‍

Last Updated : Feb 26, 2022, 10:40 PM IST

ABOUT THE AUTHOR

...view details