മോസ്‌കോ: യുക്രൈനില്‍ റഷ്യ അയവില്ലാതെ ആക്രമണം തുടരുന്നതിനിടെ, മധ്യസ്ഥ ചര്‍ച്ചയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്‌ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റ്. മൂന്ന് മണിക്കൂറിലേറെ നേരം ഇരുവരുടേയും കൂടിക്കാഴ്‌ച നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലൻസ്‌കിയുമായും ബെന്നറ്റ് സംസാരിച്ചു.
റഷ്യയുമായി ഇസ്രയേലിനുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിനുമായി ബെന്നറ്റ് കൂടിക്കാഴ്‌ച നടത്തിയത്. നേരത്തെ രണ്ട് വട്ടം ഇസ്രയേല്‍ പ്രധാനമന്ത്രി ഇരു നേതാക്കളുമായും ഫോണില്‍ സംസാരിച്ചിരുന്നു.
റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങള്‍ കണക്കിലെടുക്കണമെന്നതാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായി പുടിന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. യുക്രൈനിലെ ജൂത വിഭാഗങ്ങളുടെ സുരക്ഷയും ഇറാന്‍റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര ചര്‍ച്ചകളും കൂടിക്കാഴ്‌ചയില്‍ ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ടുകള്‍.