മോസ്‌കോ:യുക്രൈൻ സൈന്യം കീഴടങ്ങിയാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. നാറ്റോ സഖ്യ രാഷ്‌ട്രങ്ങളുടേത് അടിച്ചമര്‍ത്തല്‍ നയമാണ്. അതില്‍ നിന്നും യുക്രൈനിനെ മോചിപ്പിക്കാനാണ് റഷ്യയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനെ സൈനികവത്‌കരിക്കുന്നതിനെതിരെയും നാസികളില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടിയാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന്‍റെ ശ്രമം. ഇതിനാണ് പ്രത്യേക സൈനിക ഓപ്പറേഷൻ നടത്താന്‍ തീരുമാനിച്ചത്. അതുവഴി അടിച്ചമർത്തലിൽ നിന്ന് മോചിതരാവാനും അവരുടെ ഭാവി സ്വതന്ത്രമായി നിർണയിക്കാനും യുക്രൈനിയന്‍ ജനതയ്‌ക്ക് കഴിയുമെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. മോസ്‌കോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ശ്രമം
അതേസമയം, റഷ്യൻ യുദ്ധത്തിൽ തകർന്ന യുക്രൈനിന് സാമ്പത്തിക സഹായം നൽകാൻ ഐക്യരാഷ്‌ട്ര സഭയും യൂറോപ്യൻ യൂണിയനും. യു.എന്നിന്‍റെ ഹുമാനിറ്റേറിയൻ ഫണ്ടിൽ നിന്ന് ഇരുപത് മില്യൺ ഡോളറും യൂറോപ്യൻ യൂണിയന്‍റെ സാമ്പത്തിക സഹായമായി 1.5 ബില്യൺ യൂറോയും(1.68 ബില്യൺ ഡോളർ) യുക്രൈന് നൽകാൻ തീരുമാനമായി. ജപ്പാൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, തായ്‌വാൻ രാജ്യങ്ങൾ റഷ്യക്കെതിരായ ഉപരോധം ശക്തമാക്കാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. യുക്രൈനെതിരായ ആക്രമണത്തെ അപലപിച്ച് ലോക നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്.
ALSO READ:യുക്രൈനെ സാമ്പത്തികമായി സഹായിക്കാൻ യുഎന്നും യൂറോപ്യൻ യൂണിയനും
അധിനിവേശത്തിന്‍റെ ആദ്യദിനം റഷ്യൻ ആക്രമണത്തിൽ സൈനികരും പൊതുജനങ്ങളുമുൾപ്പടെ 137 പേരാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. വ്ളാദിമിര്‍ പുടിനെതിരായ പ്രതികരണമെന്ന നിലയിൽ റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിനും ഉപരോധമേർപ്പെടുത്തതിനുമുള്ള ശ്രമത്തിലാണ് ലോക നേതാക്കൾ. റഷ്യക്കെതിരെ സൈനിക നടപടിക്ക് സാധ്യതയില്ലെങ്കിലും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുകയാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ലക്ഷ്യം.