മോസ്‌കോ:റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങൾ തീരുമാനിച്ചാൽ അമേരിക്കയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ മുന്നറിയിപ്പ്. ഇരു നേതാക്കളും തമ്മിലുള്ള ഫോൺ കോളിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുള്ള മുന്നറിയിപ്പ് സംബന്ധിച്ച വിവരം റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ ക്രെംലിനിലെ ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടത്.
ഉക്രെയ്‌നിൽ റഷ്യയുടെ സൈനിക കൈകടത്തലിനെതിരെ നേരത്തേ അമേരിക്ക രംഗത്തെത്തിയിരുന്നു. പടിഞ്ഞാറൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് റഷ്യയ്‌ക്കെതിരായി പാശ്ചാത്യ രാജ്യങ്ങള്‍ നീക്കം നടത്തുന്നത്. റഷ്യയുടെ ഭാഗത്തുനിന്നും പ്രകോപനം തുടര്‍ന്നാല്‍ സൈനിക, സാമ്പത്തിക ഉപരോധങ്ങളെക്കുറിച്ച് ബൈഡൻ പുടിന് മുന്നറിയിപ്പ് നൽകുകയുണ്ടായി.