കീവ്: യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. ഖാർകീവിനും കീവിനും ഇടയിലുള്ള നഗരമായ ഒഖ്‌തിർക്കയിലെ സൈനിക താവളം റഷ്യ പീരങ്കി ഉപയോഗിച്ച് തകർത്തു. ആക്രമണത്തില്‍ 70 ലേറെ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു.
അക്രമണത്തില്‍ തകര്‍ന്ന നാല് നില കെട്ടിടത്തിന്‍റെ ഫോട്ടോകൾ മേഖല തലവന്‍ ദിമിത്രോ ഷിവിറ്റ്സ്‌കി പോസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച നടന്ന ആക്രമണത്തില്‍ നിരവധി റഷ്യൻ സൈനികരും ചില പ്രദേശവാസികളും കൊല്ലപ്പെട്ടെന്ന് ഷിവിറ്റ്സ്‌കി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കീവിന്‍റെ വടക്ക് ഭാഗത്തായി 40 മൈൽ വരെ നീണ്ടുകിടക്കുന്ന റഷ്യൻ സേനയുടെ വാഹനവ്യൂഹത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസ് എന്ന സ്വകാര്യ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.