മോസ്‌കോ: കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി റഷ്യ. ഓഗസ്റ്റ് 10നകം അംഗീകാരം നല്‍കാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതൊരു സ്‌പുടിനിക് നിമിഷമാണെന്ന് വാക്‌സിന്‍ ഗവേഷണത്തിന് ധനസഹായം നല്‍കുന്ന സൊവറീന്‍ വെല്‍ത്ത് ഫണ്ട് തലവന്‍ കിറിന്‍ ദിമിത്രേവ് പറഞ്ഞു. 1957ല്‍ സോവിയറ്റ് യൂണിയന്‍ ലോകത്തിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമാകാനൊരുങ്ങി റഷ്യ - റഷ്യ
ഓഗസ്റ്റ് 10നകം അംഗീകാരം നല്‍കാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്.
സ്‌പുടിനികിന്‍റെ ശബ്‌ദം കേട്ടപ്പോള്‍ അമേരിക്കക്കാര്‍ക്ക് അതിശയമായിരുന്നു. വാക്‌സിന്‍റെ കാര്യത്തിലും ഇത് ആവര്‍ത്തിക്കുന്നു. റഷ്യയായിരിക്കും ഇതിലും ആദ്യമെന്ന് അദ്ദേഹം പറഞ്ഞു. മോസ്‌കോ ആസ്ഥാനമായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന് ഓഗസ്റ്റ് 10നകം റഷ്യ അംഗീകാരം നല്‍കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിന് മുന്‍പ് ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാകുക.
റഷ്യയില്‍ നിന്നുള്ള വാക്‌സിന്‍ അതിന്‍റെ രണ്ടാം ഘട്ട പരീക്ഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. അതേസമയം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണം തുടരുന്ന മറ്റ് വാക്‌സിനുകള്‍ മൂന്നാം ഘട്ട ട്രയലിലാണ്. വാക്‌സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തില്‍ സൈനികര്‍ വളണ്ടിയറായി പങ്കെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ തന്‍റെ ശരീരത്തില്‍ കുത്തിവെച്ചതായി പ്രൊജക്‌ട് ഡയറക്‌ടര്‍ അലക്‌സാണ്ടര്‍ ഗിന്‍സ്‌ബര്‍ഗ് പറഞ്ഞു.