മോസ്‌കോ: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തുറമുഖ നഗരമായ മരിയുപോള്‍, വോള്‍നൊവാക്ക എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാദൗത്യത്തിന്‍റെ ഭാഗമായാണ് നടപടി. യുദ്ധത്തിന്‍റെ പത്താം ദിനമാണ് പ്രഖ്യാപനം.
പൗരര്‍ക്ക് മരിയുപോള്‍, വോള്‍നൊവാക്ക എന്നീ നഗരങ്ങൾ വിട്ടുപോകാൻ വെടിനിര്‍ത്തല്‍ നടപ്പിലാക്കുമെന്നും യുക്രൈന്‍ അധികൃതരുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ദരിച്ച് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, യുക്രൈന്‍ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും പ്രായമായവര്‍ക്കും നഗരങ്ങള്‍ വിടുന്നതിന് വേണ്ടി മാനുഷിക ഇടനാഴികൾ ഒരുക്കണമെന്ന് യുക്രൈന്‍റെ സുരക്ഷാ സമിതി മേധാവി ഒലെക്‌സി ഡാനിലോവ് നേരത്തെ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിദേശികളെ ഒഴിപ്പിക്കാൻ തയാറെന്ന് യുഎൻ രക്ഷാസമിതിയിൽ റഷ്യൻ പ്രതിനിധി അറിയിച്ചിരുന്നു.
യുക്രെയിനിലെ 12 ദശലക്ഷം ആളുകൾക്കും അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന 4 ദശലക്ഷം ആളുകൾക്കും മാനുഷിക സഹായം ആവശ്യമായി വരുമെന്നാണ് യുഎൻ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ ഇതുവരെ 331 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Also read: യുദ്ധത്തിനെതിരെ ആഗോള മാധ്യമ ലോകവും: റഷ്യയില്‍ സംപ്രേഷണം നിർത്തി വിവിധ വാർത്ത ചാനലുകൾ