മോസ്‌കോ: യുക്രൈനിൽ അഞ്ചിടങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. കീവ്, ചെർണിഹീവ്, സുമി, ഖാർകീവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ആളുകളെ ഒഴിപ്പിക്കുന്നതിനായി മാനുഷിക ഇടനാഴികൾ ഒരുക്കുന്നതിനാണ് മോസ്‌കോ സമയം ചൊവ്വാഴ്‌ച രാവിലെ 10 മുതൽ വെടിനിർത്തൽ നടപ്പാക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയും യുക്രൈനും തമ്മിൽ തിങ്കളാഴ്‌ച ബെലാറസിൽ മൂന്നാം ഘട്ട ചർച്ച നടന്നിരുന്നു. ചർച്ച പരാജയപ്പെട്ടുവെങ്കിലും ഇരുകൂട്ടരും ജനങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തിരുന്നു. ചർച്ചയിൽ ചൊവ്വാഴ്‌ച മുതൽ മാനുഷിക ഇടനാഴി പ്രവർത്തിക്കുമെന്ന് യുക്രൈൻ റഷ്യക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള തീരുമാനം.