ആഗോള പേയ്‌മെന്‍റ് സംവിധാനമായ സ്വിഫ്‌റ്റില്‍ നിന്ന് റഷ്യയെ പുറത്താക്കിയതിന് പിന്നാലെ റഷ്യന്‍ കറന്‍സിയായ റൂബിളിന്‍റെ വിലയിടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് റൂബിള്‍ നേരിട്ടത്. ഒരു യുഎസ് സെന്‍റിനേക്കാള്‍ (അമേരിക്കന്‍ കറന്‍സിയിലെ ഏറ്റവും ചെറിയ നിരക്ക്) താഴ്ന്ന നിലയിലേക്ക് റൂബിള്‍ കൂപ്പുകുത്തി.
വെള്ളിയാഴ്‌ച ഡോളറിന് 84 എന്ന നിലയില്‍ നിന്ന് 105.27 എന്നതിലേക്കാണ് റൂബിളിന്‍റെ മൂല്യമിടിഞ്ഞത്. ഏകദേശം 26 ശതമാനമാണ് ഇടിവ്. യുഎസ് ഡോളർ, യെൻ തുടങ്ങിയ സുരക്ഷിത കറൻസികളിലേക്ക് നിക്ഷേപം ഒഴുകിയതാണ് കാരണം.
Also read: റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും കാനഡയും ; 'അമേരിക്കയുടെ മേല്‍ സമ്മര്‍ദം ചെലുത്തും'
അമേരിക്ക, യൂറോപ്യൻ യൂണിയൻ, യുകെ, ജപ്പാൻ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. സ്വിഫ്റ്റ് സംവിധാനം ഉപയോഗിക്കുന്നതിൽ നിന്ന് ചില റഷ്യന്‍ ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ, വിദേശ നാണയ ശേഖരം ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യൻ സെൻട്രൽ ബാങ്കിനെ വിലക്കിയിട്ടുമുണ്ട്.
റഷ്യ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നേരത്തെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് ജി7 രാജ്യങ്ങളുടെ മുന്നറിയിപ്പ്. റൂബിളിന്‍റെ ഇടിവ് പണപ്പെരുപ്പം കുതിച്ചുയരാൻ ഇടയാക്കുമെന്നും ഇത് റഷ്യയുടെ സമ്പദ് വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.