ലണ്ടന്‍: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവവത്തില്‍ പ്രതികരണവുമായി നൊബേല്‍ പുരസ്‌കാര ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായ്. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല പറഞ്ഞു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.
'പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്. വസ്‌ത്ര ധാരണത്തിന്‍റെ പേരിൽ സ്ത്രീകളെ വസ്‌തുവത്കരിക്കുന്നത് ഇപ്പോഴും നിലനിൽക്കുന്നു. മുസ്‌ലീം സ്‌ത്രീകളെ പാർശ്വവത്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണം,' മലാല ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് മറ്റ് കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇതിനിടെ കാവി ഷാള്‍ ധരിച്ച് വലതുപക്ഷ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി.