സിഡ്നി:ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് നിര്‍ത്താതെ 19 മണിക്കൂര്‍ പറന്ന് ന്യൂയോര്‍ക്ക് - സിഡ്നി വിമാനം. ഓസ്ട്രേലിയയിലെ ക്വാന്റസ് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനമാണ് ചരിത്രത്തിന്റെ ഭാഗമായത്. നിര്‍ത്താതെ ഏറ്റവും കൂടുതല്‍ സമയം പറന്നതിന്റെ റെക്കോഡാണ് ന്യൂയോര്‍ക്ക് - സിഡ്നി വിമാനം നേടിയിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും അടക്കം 49 പേരാണ് ഉണ്ടായിരുന്നത്. 16,200 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം 19 മണിക്കൂറും 16 മിനിട്ടും എടുത്താണ് ന്യൂയോര്‍ക്കിൽ നിന്നും സിഡ്നിയില്‍ എത്തിയത്.
ബോയിങിന്റെ പുതിയ വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചത്. 789-9 ഡ്രീംലൈനര്‍ സീരീസില്‍പ്പെട്ട വിമാനം സിയാറ്റിലിലെ ബോയിങ് ഫാക്ടറിയില്‍നിന്ന് ന്യൂയോര്ക്കിലെത്തിച്ചാണ് യാത്രക്ക് ഉപയോഗിച്ചത്. 1,0,1000 കിലോഗ്രാം ഇന്ധനമാണ് വിമാനത്തിൽ നിറച്ചിരുന്നത്. അതിദീര്‍ഘ സര്‍വീസിന് ധാരാളം ഇന്ധനം വേണ്ടതിനാല്‍ യാത്രക്കാരുടെ ലഗേജ് വിമാനത്തിൽ കയറ്റിയിരുന്നില്ല.
സിഡ്നിയില്‍നിന്ന് ലണ്ടനിലേക്ക് ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കാന്‍ ക്വാന്റസിന് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ദീര്‍ഘദൂര സര്‍വീസ് യാത്രക്കാരെയും വിമാനജീവനക്കാരെയും എങ്ങനെ ബാധിക്കുമെന്ന് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള പരീക്ഷണയാത്രയായിരുന്നു ഇത്.