കാബൂള്‍ : ഓമനിച്ച് വളർത്തിയ 200 അരുമമൃഗങ്ങൾക്കൊപ്പം അഫ്‌ഗാനില്‍ നിന്നും സ്വദേശത്തെത്തി ബ്രിട്ടീഷ് പൗരനായ മുന്‍ സൈനികന്‍ പോള്‍ പെൻ ഫാര്‍തിങ്.
അഫ്‌ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യം വിടാൻ നേരത്തേ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. യു.കെ സർക്കാർ വിഷയത്തിൽ ഇടപെട്ടതോടെയാണ് പെന്നിന് മൃഗങ്ങള്‍ക്കൊപ്പം നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.
മൃഗങ്ങളുമായി പെൻ ഫാർതിങ്, കാബൂള്‍ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും യു.എസ് യാത്രാചട്ടങ്ങൾ മാറ്റിയതോടെ പോക്ക് മുടങ്ങി. തുടർന്ന്, തന്‍റെ ദയനീയാവാസ്ഥ വിവരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നാലെയാണ് യു.കെ സർക്കാറിന്‍റെ ഇടപെടല്‍.
ഇതോടെ, മൃഗങ്ങൾക്കും യാത്ര ചെയ്യാനായി ചാർട്ടേഡ് വിമാനം സജ്ജീകരിക്കുകയായിരുന്നു. യാത്ര ആരംഭിക്കാനായി കാബൂൾ വിമാനത്താവളത്തിൽ യു.കെ സൈന്യത്തിന്‍റെ സഹായം ലഭിച്ചു.
200 മൃഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച ദൗത്യത്തിന് ഓപ്പറേഷൻ ആർക് എന്നാണ് പേരിട്ടത്. പട്ടികളും പൂച്ചകളും ഉൾപ്പെടെയുള്ളവയാണ്, കാബൂളിൽ മൃഗസംരക്ഷണ കേന്ദ്രം നടത്തുകയായിരുന്ന പെന്നിന്‍റെ പക്കലുണ്ടായിരുന്നത്.