കീവ്: നാറ്റോ അംഗത്വത്തിനായി യുക്രൈന്‍ ഇനി സമ്മർദം ചെലുത്തില്ലെന്ന് പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്കി. ഫെബ്രുവരി 24ന് യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ്, പുടിന്‍ സ്വതന്ത്ര പ്രദേശങ്ങളെന്ന് പ്രഖ്യാപിച്ച യുക്രൈനിലെ രണ്ട് റഷ്യന്‍ അനുകൂല പ്രദേശങ്ങളുടെ പദവിയില്‍ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''യുക്രൈനെ അംഗീകരിക്കാൻ നാറ്റോ തയ്യാറല്ല. വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും സഖ്യം ഭയപ്പെടുന്നു'' സെലെൻസ്കി പറഞ്ഞു.
"മുട്ടുകുത്തി എന്തെങ്കിലും യാചിക്കുന്ന രാജ്യത്തിന്‍റെ പ്രസിഡന്‍റാകാൻ താൻ ആഗ്രഹിക്കുന്നില്ല" എന്നാണ് നാറ്റോ അംഗത്വവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ പ്രതികരണം.
സോവിയറ്റ് യൂണിയനിൽ നിന്ന് യൂറോപ്പിനെ സംരക്ഷിക്കുന്നതിനായി ശീതയുദ്ധത്തിന്റെ തുടക്കത്തിൽ സൃഷ്ടിച്ച അറ്റ്ലാന്‍റിക് സഖ്യമായ നാറ്റോയിൽ അയല്‍ രാജ്യമായ യുക്രൈന്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ മുൻ സോവിയറ്റ് ബ്ളോക്ക് രാജ്യങ്ങളടക്കം നാറ്റോയില്‍ ചേര്‍ന്ന് സഖ്യം കൂടുതല്‍ കിഴക്കോട്ട് വികസിച്ചിരുന്നു. നാറ്റോയുടെ വിപുലീകരണം ഒരു റഷ്യ ഭീഷണിയായാണ് കാണുന്നത്.