നോത്രദാം കത്തീഡ്രല്‍ തീപിടിത്തം; സ്ഥിതി നിയന്ത്രണ വിധേയം
12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നോത്രദാം കത്തീഡ്രലില്‍ നവീകരണം നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് നോത്രദാം കത്തീഡ്രല്‍.
ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വൻതീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി പാരീസ് പൊലീസ് വക്താവ് അറിയിച്ചു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് പള്ളിയില്‍ അഗ്നിബാധയുണ്ടായത്. 850 വര്‍ഷത്തിലേറെ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ ദേവാലയമാണ് നോത്രദാം കത്തീഡ്രല്‍. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണുള്ളത്. മറ്റ് ഭാഗങ്ങളിലേക്ക് തീപടരാതെ ഇരിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. കത്തീഡ്രൽ പുനർനിർമ്മിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.