ബ്രസൽസ്:യുക്രൈനിൽ നോ-ഫ്‌ളൈ സോണ്‍ ഏർപ്പെടുത്തുന്നത് റഷ്യയുമായി യൂറോപ്പിൽ വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി. യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ നാറ്റോയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അടിയന്തര സഹായം ആവശ്യപ്പെട്ടിതിനെത്തുടർന്നാണ് സ്റ്റോൾട്ടൻബെർഗ് പ്രതികരിച്ചത്.
വെള്ളിയാഴ്‌ച ബ്രസൽസിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു നോ-ഫ്‌ളൈ സോണിനെക്കുറിച്ച് നാറ്റോ ചർച്ച ചെയ്‌തത്. നോ-ഫ്‌ളൈ സോൺ നീക്കത്തെക്കുറിച്ച് നാറ്റോ മീറ്റിങിൽ പരാമർശിക്കപ്പെട്ടുവെന്നും എന്നാൽ യുക്രൈനിന് മുകളിലൂടെ നാറ്റോ വിമാനങ്ങൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് സഖ്യകക്ഷികൾ സമ്മതിച്ചതായും സ്റ്റോൾട്ടൻബെർഗ് വ്യക്തമാക്കി.
യുക്രൈനിലേക്ക് കരമാർഗമോ, വ്യോമമാർഗമോ നീങ്ങാൻ പോകുന്നില്ലെന്ന് ഞങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്. നോ-ഫ്ലൈ സോൺ നടപ്പിലാക്കാനുള്ള ഏക മാർഗം നാറ്റോ യുദ്ധവിമാനങ്ങൾ യുക്രൈൻ വ്യോമമേഖലയിലേക്ക് അയച്ച് റഷ്യൻ യുദ്ധവിമാനങ്ങളെ വെടി വച്ചിടുക എന്നതാണ്. എന്നാൽ അങ്ങനെ ചെയ്താൽ യൂറോപ്പിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സമ്പൂർണ യുദ്ധത്തിൽ അത് ചെന്ന് അവസാനിക്കും, സ്റ്റോൾട്ടൻബെർഗ് വിശദീകരിച്ചു.