ജനീവ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടർന്ന് പ്രാണരക്ഷാർഥം രാജ്യം വിട്ടത് 15 ലക്ഷത്തിലധികം പേരെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പത്ത് ദിവസത്തിനിടെ, 15 ലക്ഷത്തിലധികം ആളുകള്‍ അതിർത്തി കടന്നതായി ഐക്യരാഷ്‌ട്ര സഭയുടെ അഭയാർഥി ഏജൻസിയായ യുഎന്‍എച്ച്സിആറിന്‍റെ മേധാവി ഫിലിപ്പോ ഗ്രാൻഡി അറിയിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ അതിവേഗം വളരുന്ന അഭയാർഥി പ്രതിസന്ധിയാണിതെന്ന് യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി ട്വിറ്ററില്‍ കുറിച്ചു. യുക്രൈന്‍ അതിർത്തിയിലുള്ള രാജ്യങ്ങൾ സന്ദർശിക്കുകയാണ് ഗ്രാന്‍ഡി. അഭയാർഥി കണക്കുകളെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ യുഎന്‍എച്ച്സിആര്‍ ലഭ്യമാക്കിയിട്ടില്ല.
Also read: യുക്രൈൻ-റഷ്യ സംഘർഷം; മൂന്നാം ഘട്ട ചർച്ച തിങ്കളാഴ്‌ച
മുന്‍കാലങ്ങളില്‍ കാണാത്ത അത്ര വേഗതയിലാണ് യുക്രൈനില്‍ നിന്നുള്ള പലായനമെന്ന് നേരത്തെ യുഎന്‍ പറഞ്ഞിരുന്നു. 40 ലക്ഷം യുക്രൈന്‍ പൗരര്‍ രാജ്യം വിടുമെന്നാണ് യുഎന്നിന്‍റെ പ്രവചനം. യുക്രൈന്‍റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, മാൾഡോവ, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ പേരും പലായനം ചെയ്യുന്നത്.
2011ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി പ്രവാഹം ഉണ്ടായത്. യുഎന്‍എച്ച്സിആറിന്‍റെ കണക്കുകൾ പ്രകാരം, 5.7 ദശലക്ഷം ആളുകളാണ് സിറിയയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തത്. 2013 ന്‍റെ തുടക്കത്തിൽ, മൂന്ന് മാസത്തിനിടെയാണ് പത്ത് ലക്ഷം അഭയാര്‍ഥികള്‍ സിറിയ വിട്ടത്.