കീവ്:റഷ്യ കീഴടക്കിയ മെലിറ്റോപോൾ നഗരത്തിന്‍റെ മേയർ ഇവാൻ ഫെഡോറോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി യുക്രൈൻ. പ്രസിഡന്‍റ് സെലൻല്‌കിയുടെ ഓഫിസ് ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ വെള്ളിയാഴ്‌ച രാത്രി സമൂഹമാധ്യമം വഴി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് യുക്രൈൻ പാർലമെന്‍റും സംഭവം സ്ഥിരീകരിച്ചു. റഷ്യയുടെ 10 അംഗ സംഘമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും ശത്രുസൈന്യവുമായി സഹകരിക്കാൻ അദ്ദേഹം വിസമ്മതിച്ചതായും പാർലമെന്‍റ് ഒദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
ശനിയാഴ്‌ച പുറത്തുവിട്ട വീഡിയോയിലൂടെ, റഷ്യ മേയറെ ബന്ദിയാക്കിയതായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്മിർ സെലൻസ്‌കിയും സ്ഥിരീകരിച്ചു. ആക്രമണം 17-ാം ദിവസവും തുടരുന്ന യുക്രൈനിൽ റഷ്യ ഭീകര തന്ത്രങ്ങൾ അവലംബിക്കുകയാണെന്നും സെലൻസ്‌കി ആരോപിച്ചു.