വാഷിംഗ്ടണ്‍: ഫിലിപ്പ് രാജകുമാരന്‍റെ സംസ്കാരച്ചടങ്ങുകളില്‍ ഹാരി രാജകുമാരന്‍റെ ഭാര്യ മേഗന്‍ മോര്‍ക്കല്‍ പങ്കെടുക്കില്ല. രണ്ടാം തവണയും ഗര്‍ഭിണിയായിരിക്കുന്ന മോര്‍ക്കല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അമേരിക്കയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള യാത്ര ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 12 മണിക്കൂര്‍ നീളുന്ന യാത്രയും ചടങ്ങുകളും നിലവിലത്തെ അവസ്ഥയില്‍ മെഗാന് താങ്ങാനാകില്ല. ചടങ്ങുകളില്‍ ഹാരിക്കൊപ്പം ഉണ്ടാകണമെന്ന് മേഗന്‍ ആഗ്രഹിച്ചിരുന്നെന്നും രാജകുടുംബത്തിന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
ഔദ്യോഗിക വിശദീകരണം ആരോഗ്യപ്രശ്നങ്ങളെന്നാണെങ്കിലും ഫിലിപ്പിന്‍റെ സംസ്കാരച്ചടങ്ങുകളില്‍ മേഗന്‍റെ അസാന്നിധ്യം ശ്രദ്ധേയമാകും. രാജകുടുംബവുമായി അകല്‍ച്ചയിലായ ഹാരിയും മേഗനും രാജകീയ പദവികളുപേക്ഷിച്ച് അമേരിക്കയിലേക്ക് പോയതും പിന്നാലെയുണ്ടായ തുറന്ന് പറച്ചിലുകളും ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബെക്കിങ്ങ്ഹാം കൊട്ടാരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വംശീയ അധിക്ഷേപത്തിന് ഇരയായെന്ന മേഗന്‍റെ പരാമര്‍ശങ്ങള്‍ ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്നാണ് എഡിന്‍ബര്‍ഗ് പ്രഭുവിന്‍റെ സംസ്കാരച്ചടങ്ങുകളില്‍ നിന്ന് മേഗന്‍ വിട്ടുനില്‍ക്കുന്നതും. ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച ശേഷവും ഹാരിയെ സസക്സ് പ്രഭുവെന്നും മേഗനെ പ്രഭ്വിയെന്നും അഭിസംബോധന ചെയ്ത കൊട്ടാരം വക്താവിന്‍റെ വാക്കുകളും ശ്രദ്ധേയമായി.